തിരുവനന്തപുരം:നെയ്യാറ്റിന്‍കരയിൽ ദമ്പതികൾ ആത്മഹത്യ ചെയ്യാൻ ഇടയാക്കിയ വിവാദഭൂമി വസന്ത വാങ്ങിയത് ചട്ടങ്ങള്‍ ലംഘിച്ചെന്ന് അന്വേഷണ റിപ്പോര്‍ട്ട്.പട്ടയ ഭൂമി കൈമാറരുതെന്ന ചട്ടം ലംഘിക്കപ്പെട്ടുവെന്നാണ് അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നത്.ഇതേ തുടർന്ന് ഭൂമി പോക്കുവരവ് ചെയ്തതില്‍ ജില്ലാ കലക്റ്റർ അന്വേഷണത്തിന് ശുപാര്‍ശ ചെയ്തിട്ടുണ്ട്. രാജനും കുടുംബവും താമസിച്ചിരുന്ന ഭൂമി വസന്തയുടേതാണെന്ന് നേരത്തേ തഹസില്‍ദാര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എന്നാല്‍ ഭൂമി വസന്ത വാങ്ങിയതില്‍ നിയമപരമായി പ്രശ്‌നങ്ങളുണ്ടെന്നും ഈ ഭൂമി ലക്ഷം വീട് പദ്ധതിയില്‍ പട്ടയമായി ലഭിച്ചതാണെന്നും അതിയന്നൂര്‍ വില്ലേജ് ഓഫിസുകളിലെ രേഖകളിലുണ്ട്. നെട്ടത്തോട്ടം ലക്ഷം വീട് കോളനിയിലെ ഈ വസ്തു 1989ല്‍ സുകുമാരന്‍ നായര്‍ എന്നയാള്‍ക്ക് ലഭിച്ചതാണ്. 12 വര്‍ഷം കഴിഞ്ഞേ ഭൂമി കൈമാറാന്‍ പാടൂ എന്ന പദ്ധതിയുടെ ചട്ടം ലംഘിച്ച് സുകുമാരന്‍ നായരുടെ അമ്മ വനജാക്ഷി ഭൂമി സുഗന്ധി എന്നയാള്‍ക്ക് കൈമാറുകയായിരുന്നു.സുഗന്ധിയില്‍ നിന്നാണ് 2007ല്‍ വസന്ത ഭൂമി വാങ്ങുന്നത്. വീണ്ടും പന്ത്രണ്ട് വര്‍ഷം കഴിയുന്നതിന് മുന്‍പേ ആണ് വസന്തയ്ക്ക് ഭൂമി കൈമാറിയത്. അതുകൊണ്ട് വസന്തയുടെ കൈവശം ഭൂമി വന്നത് നിയമവിരുദ്ധമായാണെന്ന് റവന്യൂ ഡെപ്യൂട്ടി കളക്ടര്‍ കണ്ടെത്തിയിരുന്നു.നെയ്യാറ്റിന്‍കര പോങ്ങില്‍ മൂന്ന് സെന്റ് ഭൂമിയില്‍ ഷെഡ് കെട്ടി താമസിക്കുകയായിരുന്നു രാജനും ഭാര്യയും രണ്ട് ആണ്‍മക്കളുമടങ്ങുന്ന കുടുംബം. രാജന്‍ ഭൂമി കയ്യേറിയെന്നാരോപിച്ച് വസന്ത മുന്‍സിഫ് കോടതിയില്‍ കേസ് നല്‍കിയിരുന്നു. ആറ് മാസം മുന്‍പ് രാജനെതിരെ കോടതി വിധി വന്നു. ഉത്തരവ് നടപ്പാക്കാനായി കോടതിയില്‍ നിന്നുള്ള ഉദ്യോഗസ്ഥരും പൊലിസും എത്തിയപ്പോൾ കുടിയൊഴിപ്പിക്കലിനെതിരെ ആത്മഹത്യാ ഭീഷണി മുഴക്കുന്നതിനിടെ പൊള്ളലേറ്റാണ് രാജനും ഭാര്യയും മരണപ്പെടുന്നത്.