കൊച്ചി:ആദ്യ ഘട്ട വിതരണത്തിനുള്ള കോവിഡ് വാക്സിൻ കേരളത്തിലെത്തിച്ചു. നെടുമ്പാശ്ശേരി വിമാനത്താവളത്തിലാണ് ആദ്യ ഘട്ട വാക്സിനേഷനുള്ള രണ്ട് ലക്ഷത്തി തൊണ്ണൂറ്റി ഒൻപതിനായിരം ഡോസുകള്‍ എത്തിച്ചത്. രാവിലെ 10.45ഓടെയാണ് പൂനെ സിറം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് വിമാന മാർഗം കോവിഡ് വാക്സിനുകൾ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിച്ചത്. സംസ്ഥാനത്ത് സജ്ജീകരിച്ച വിതരണ കേന്ദ്രങ്ങളിലേക്ക് വാക്സിന്‍ മാറ്റാൻ പ്രത്യേകം തയ്യാറാക്കിയ വാഹനങ്ങളും നേരത്തെ തന്നെ സജ്ജമാക്കി നിർത്തിയിരുന്നു. ആകെ എത്തിച്ച രണ്ട് ലക്ഷത്തി തൊണ്ണൂറ്റി ഒൻപതിനായിരം വാക്സിനുകളിൽ ഒരു ലക്ഷത്തി പത്തൊൻപതിനായിരം വാക്സിനുകൾ കോഴിക്കോട്ടേക്കും 1,100 എണ്ണം മാഹിയിലേക്കും കൊണ്ടുപോയി. ബാക്കിയുള്ള 180000 വാക്സിനുകൾ വിതരണ കേന്ദ്രത്തിലേക്ക് മാറ്റും.മധ്യകേരളത്തിലേക്കുള്ള വാക്സിനുകള്‍ എറണാകുളം റീജ്യണൽ സംഭരണ കേന്ദ്രത്തിലേക്ക് എത്തിച്ചു. ഇവിടെ നിന്ന് പാലക്കാട്, ഇടുക്കി, കോട്ടയം, തൃശൂർ ജില്ലകളിലേക്ക് കൊണ്ടുപോകും. ഏറ്റവും അധികം കോവിഡ് വാക്സിനുകൾ വിതരണം ചെയ്യുക എറണാകുളം ജില്ലയിലാണ്. മുന്‍ഗണനാ പട്ടികയില്‍ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ആരോഗ്യ പ്രവർത്തകർ രജിസ്റ്റർ ചെയ്തതും എറണാകുളം ജില്ലയിൽ തന്നെ. ശനിയാഴ്ച നടക്കുന്ന വാക്സിൻ കുത്തിവെപ്പിനുള്ള ഒരുക്കങ്ങളും സംസ്ഥാനത്ത് പൂർത്തിയായി.