ന്യൂഡൽഹി:കർഷകർക്കായി കേന്ദ്രസര്‍ക്കാര്‍ ആരംഭിച്ച പി എം കിസാന്‍ പദ്ധതിയില്‍ കടന്നുകൂടി അനർഹരും. രാജ്യമെമ്പാടുമുള്ള കര്‍ഷകര്‍ക്ക് ആശ്വാസവുമായി 2019 ഫെബ്രുവരി 24നാണ് പദ്ധതി ആരംഭിച്ചത്. എന്നാല്‍ കര്‍ഷകരെന്ന വ്യാജേന നിരവധി പേര്‍ പദ്ധതിയില്‍ പങ്കാളികളായി പണം കൈപ്പറ്റുന്നു എന്ന ആക്ഷേപവും നേരത്തേ തന്നെ ഉയര്‍ന്നിരുന്നു.ഇതേ തുടര്‍ന്ന് ആദായ നികുതി നല്‍കുന്ന സമ്പന്നഗണത്തില്‍ പെട്ടവരില്‍ നിന്നും കിസാന്‍ പദ്ധതിയില്‍ പങ്കാളികളായവരെ ഒഴിവാക്കുന്ന നടപടികള്‍ ആരംഭിച്ചു. ഇതിന്റെ ഭാഗമായി ഇത്തരക്കാരുടെ വിവരങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ പുറത്ത് വിട്ടിട്ടുണ്ട്. ഇതില്‍ ചില അതിസമ്പന്നരും ഉള്‍പ്പെട്ടിട്ടുണ്ട്. കേരളത്തില്‍ ആദായനികുതി അടയ്ക്കുന്ന 15163 ആളുകള്‍ കര്‍ഷകര്‍ക്കുള്ള ധനസഹായം കൈപ്പറ്റുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്. ജില്ല തിരിച്ചുള്ള ഇവരുടെ വിവരങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ലിസ്റ്റ് പ്രകാരം പണം തിരിച്ചടയ്ക്കാനുള്ളവര്‍ ഏറ്റവും കൂടുതലുള്ളത് തൃശൂര്‍ ജില്ലയിലാണ്. 2384 പേരാണ് തൃശൂരിലുള്ളത്. എറണാകുളത്ത് 2079 പേരുണ്ട്. ആലപ്പുഴ 1530 പേരും പാലക്കാട് 1435 പേരും കോട്ടയത്ത് 1250 പേരുമാണുള്ളത്. തിരുവനന്തപുരം 856, കൊല്ലം 899, പത്തനംതിട്ട 574, ഇടുക്കി 636, മലപ്പുറം 624, കോഴിക്കോട് 788, കണ്ണൂര്‍ 825, വയനാട് 642, കാസര്‍ക്കോട് 614 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള കണക്കുകള്‍.ആദായനികുതി അടയ്ക്കുന്ന ഇത്തരക്കാര്‍ പി എം കിസാന്‍ പദ്ധതി വഴി സ്വന്തമാക്കിയ തുക ഇനി തിരിച്ചടയ്ക്കേണ്ടിവരും. ഇതു സംബന്ധിച്ചുള്ള നടപടികള്‍ സ്വീകരിക്കാന്‍ കൃഷി ഡയറക്ടര്‍ ജില്ലകളിലെ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി കഴിഞ്ഞിട്ടുണ്ട്. ഇതിനായുള്ള ബാങ്ക് അക്കൗണ്ടും ആരംഭിച്ചു കഴിഞ്ഞു. ആദായ നികുതി നല്‍കുന്നവര്‍ ഈ പദ്ധതിക്ക് അപേക്ഷിക്കാന്‍ അര്‍ഹരല്ല എന്ന് വ്യക്തമാക്കി പദ്ധതിയുടെ മാര്‍ഗ നിര്‍ദ്ദേശത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്. ഇതു പാലിക്കാതെ ആനുകൂല്യം പറ്റിയവരാണ് ഇപ്പോള്‍ പുറത്ത് പോകേണ്ടി വരുന്നത്.