Kerala, News

വാളയാര്‍ കേസ് സിബിഐ അന്വേഷിക്കും; പെണ്‍കുട്ടികളുടെ മാതാപിതാക്കളുടെ ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചു

keralanews cbi will investigate walayar case govt agrees demand of parents

തിരുവനന്തപുരം:വാളയാര്‍ കേസ് സിബിഐ അന്വേഷിക്കും.മരിച്ച പെണ്‍കുട്ടികളുടെ മാതാപിതാക്കളുടെ ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചു.മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യത്തില്‍ നിര്‍ദേശം നല്‍കിയത്. ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറിയോട് ഉടന്‍തന്നെ കേസ് സിബിഐക്ക് കൈമാറുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി സംസ്ഥാനം കേന്ദ്ര പേഴ്സണല്‍ മന്ത്രാലയത്തിന് കേസ് ഏറ്റെടുക്കണമെന്നുള്ള നിര്‍ദേശം സമര്‍പ്പിക്കും. പ്രായപൂര്‍ത്തിയാകാത്ത ദളിത് പെണ്‍കുട്ടികള്‍ ലൈംഗികമായി പീഡിപ്പിക്കപ്പെടുകയും ദൂരൂഹ സാഹചര്യത്തില്‍ മരിക്കുകയും ചെയ്ത കേസില്‍ പാലക്കാട് പോക്സോ കോടതി പ്രതികളെ വെറുതെ വിട്ടിരുന്നു. പിന്നീട് ഈ വിധി ഹൈക്കോടതി റദ്ദാക്കുകയും പുനര്‍വിചാരണ നടത്താന്‍ ഉത്തരവിടുകയും ചെയ്തിരുന്നു.കേസ് സിബിഐക്ക് വിടണമെന്ന് ആവശ്യപ്പെട്ട് പെണ്‍കുട്ടികളുടെ മാതാവ് കഴിഞ്ഞദിവസം മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു. കേരള പോലീസ് അന്വേഷിച്ചാല്‍ സത്യം പുറത്തുവരില്ലെന്നും കേസില്‍ പ്രതികള്‍ക്ക് രക്ഷപ്പെടാന്‍ അവസരം ഒരുക്കിയ പോലീസുകാര്‍ക്കെതിരെ നടപടി വേണമെന്നും മാതാവ് ആവശ്യപ്പെട്ടിരുന്നു. ഹൈക്കോടതിയുടെ മേല്‍നോട്ടത്തിലുള്ള സിബിഐ അന്വേഷണമാണ് പെണ്‍കുട്ടികളുടെ അമ്മ ആവശ്യപ്പെട്ടത്. കേസ് അട്ടിമറിച്ച പോലീസ് ഉദ്യോഗസ്ഥരെ സര്‍വീസില്‍ നിന്ന് പുറത്താക്കണം. ഡിവൈഎസ്പി സോജന്‍, എസ്‌ഐ ചാക്കോ എന്നിവരുടെ ഇടപെടലാണ് കേസ് അട്ടിമറിച്ചത്. ഇവര്‍ക്കെതിരെ നടപടിയെടുത്താലേ സര്‍ക്കാരില്‍ ഞങ്ങള്‍ക്ക് വിശ്വാസമുണ്ടാകൂ എന്നും അമ്മ പറഞ്ഞിരുന്നു.2017ലാണ് വാളയാളിലെ സഹോദരിമാര്‍ ആഴ്ചകളുടെ വ്യത്യാസത്തില്‍ ആത്മഹത്യ ചെയ്തത്. ഇരുവരും ക്രൂരമായ പീഡനങ്ങള്‍ക്ക് ഇരയായി എന്ന് തെളിഞ്ഞിരുന്നു.

Previous ArticleNext Article