ന്യൂ ഡല്‍ഹി: കൊവിഡ് വാക്‌സിന്‍ വിതരണത്തിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യമന്ത്രിമാരുമായി ഇന്ന് ചർച്ച നടത്തും.വൈകിട്ട് 4 മണിയ്ക്കാണ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി ചര്‍ച്ച നടത്തുന്നത്. വിഡിയോ കോണ്‍ഫറന്‍സ് വഴിയാണ് ചര്‍ച്ച നടത്തുന്നത്.ചര്‍ച്ചയില്‍ സംസ്ഥാനങ്ങളിലെ വാക്‌സിനേഷന്‍ സംബന്ധിച്ച തയ്യാറെടുപ്പുകള്‍ പ്രധാനമന്ത്രി വിലയിരുത്തും. തുടര്‍ന്ന് പ്രധാനമന്ത്രി വാക്സിനേഷന്‍ സംബന്ധിച്ച കേന്ദ്ര നിര്‍ദ്ദേശങ്ങള്‍ വിശദീകരിയ്ക്കും.വാക്സിന്‍ ഉപയോഗം തുടങ്ങാനിരിക്കെ സംസ്ഥാനങ്ങളുടെ ആശങ്കകളും അവ്യക്തതകളും പരിഹരിയ്ക്കാനാണ് യോഗം ചേരുന്നത്.അതേസമയം, വാക്സിനേഷന് മുന്നോടിയായി ക്യാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബെ ചീഫ് സെക്രട്ടറിമാരുടെ യോഗം വിളിച്ചിട്ടുണ്ട്. ആരോഗ്യപ്രവര്‍ത്തകര്‍ ഏറെ ഉള്ളതും രോഗബാധ രൂക്ഷവുമായ കേരളത്തിനും മഹാരാഷ്ട്രയ്ക്കും കൂടുതല്‍ വാക്സിന്‍ ലഭിക്കുമെന്നാണ് സൂചന.അതേസമയം കേരളത്തിലെ കൊവിഡ് വ്യാപനം പഠിക്കാനെത്തിയ കേന്ദ്രസംഘം ഇന്ന് ആരോഗ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും. രാവിലെ 11 മണിക്ക് നടക്കുന്ന കൂടിക്കാഴ്ചയില്‍ ആരോഗ്യ സെക്രട്ടറിയും പങ്കെടുക്കും.കൊവിഡ് വ്യാപനം വര്‍ധിക്കാനുള്ള സാഹചര്യം, ചികിത്സ തുടരേണ്ട രീതി തുടങ്ങിയ കാര്യങ്ങളില്‍ കൂടിക്കാഴ്ചയില്‍ തീരുമാനമാകും.