India, News

ഐക്യരാഷ്ട്ര സഭയില്‍ ചരിത്രനേട്ടവുമായി രാജ്യം;ഭീകര വിരുദ്ധ സമിതികളുടെ അധ്യക്ഷ സ്ഥാനം ഇന്ത്യക്ക്

keralanews india with historic achievement in united nations chairs anti terrorism committees

ന്യൂയോർക്: ഐക്യരാഷ്ട്ര സഭയില്‍ ചരിത്രനേട്ടവുമായി ഇന്ത്യ.ഭീകര വിരുദ്ധ സമിതികളുടെ അധ്യക്ഷ സ്ഥാനം ഇനി ഇന്ത്യക്ക്.ഭീകര വിരുദ്ധ സമിതി, താലിബാനും ലിബിയയ്ക്കും എതിരായ ഉപരോധ കാര്യങ്ങളില്‍ തീരുമാനം എടുക്കുന്ന സമിതികള്‍ എന്നിവയുടെ അധ്യക്ഷ സ്ഥാനങ്ങളാണ് ലഭിച്ചതെന്ന് യുഎന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി ടി.എസ്. തിരുമൂര്‍ത്തി അറിയിച്ചു. യുഎന്‍ രക്ഷാസമിതിയിലെ, ഭീകരതയ്ക്ക് എതിരായ മൂന്നു നിര്‍ണായക സമിതികളുടെ അധ്യക്ഷ സ്ഥാനം ഇന്ത്യക്ക് ലഭിച്ചു.അഫ്ഗാനിസ്ഥാനിലെ താലിബാന്റെ ഭീകരത തടയാനുള്ള സമിതിയാണ് ഒന്ന്. 1988ലെ ഉപരോധ സമിതിയെന്നും ഇത് അറിയപ്പെടുന്നു. അഫ്ഗാനിസ്ഥാനില്‍ സമാധാനവും വികസനവും സുരക്ഷയും കൊണ്ടുവരാന്‍ നിരന്തരം ശ്രമിക്കുന്ന രാജ്യമാണ് ഇന്ത്യയെന്നതാണ് ഈ സമിതിയുടെ അധ്യക്ഷ സ്ഥാനം നല്‍കാന്‍ കാരണമായത്.ആഗോള ഭീകരതയ്ക്ക് എതിരായ സമിതിയാണ് ഒന്ന്. ലിബിയയിലെ ഭീകരത ചെറുക്കാനുള്ള സമിതിയാണ് മറ്റൊന്ന്. ഭീകരതയ്ക്ക് എതിരായ സമിതിയുടെ അധ്യക്ഷന്‍ ടി.എസ്. തിരുമൂര്‍ത്തി തന്നെയാകും. ജനുവരി ഒന്നു മുതല്‍ രണ്ടു വര്‍ഷത്തേക്കാണ് രക്ഷാസമിതി അംഗത്വം ഇന്ത്യക്ക് ലഭിച്ചിട്ടുള്ളത്. രണ്ടു വര്‍ഷം ഈ സമിതികളുടെ അധ്യക്ഷ പദവികളും ഇന്ത്യ വഹിക്കും. കാലാകാലങ്ങളായി ഭീകരതക്കെതിരേ, പ്രത്യേകിച്ച്‌ പാക്കിസ്ഥാനില്‍നിന്ന് അതിര്‍ത്തി കടന്നുള്ള ആഗോള ഭീകരതക്കെതിരേ ഇന്ത്യയുടെ അതിശക്തമായ പോരാട്ടം കണക്കിലെടുത്താണിത്. അതേസമയം രക്ഷാസമിതി അംഗത്വ കാലം മുഴുവനും ആഗോള ഭീകരതയ്ക്ക് എതിരേ പോരാടുമെന്ന് ഇന്ത്യ നേരത്തേ തന്നെ വ്യക്തമാക്കിയിരുന്നു. ഭീകരത മനുഷ്യത്വത്തിന്റെ ശത്രുവാണെന്നും രക്ഷാസമിതിയില്‍ അതിനെതിരേ ശബ്ദമുയര്‍ത്തുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു.

Previous ArticleNext Article