Kerala, News

കാത്തിരിപ്പിനൊടുവിൽ വൈറ്റില, കുണ്ടന്നൂർ മേൽപ്പാലങ്ങൾ മുഖ്യമന്ത്രി ഉൽഘാടനം ചെയ്തു

keralanews chief minister inaugurated the vytilla and kundannur flyovers

കൊച്ചി:ഏറെനാളത്തെ കാത്തിരിപ്പിനൊടുവിൽ വൈറ്റില, കുണ്ടന്നൂർ മേൽപ്പാലങ്ങൾ മുഖ്യമന്ത്രി ഉൽഘാടനം ചെയ്തു.വീഡിയോ കോണ്‍ഫ്രന്‍സിങ്ങിലൂടെയാണ് മുഖ്യമന്ത്രി ഉദ്ഘാടനം നടത്തുന്നത്.വെറ്റില മേല്‍പ്പാലം രാവിലെ 9 മണിക്കും, കുണ്ടന്നൂര്‍ മേല്‍പ്പാലം രാവിലെ 11 മണിക്കുമാണ് ഉദ്ഘാടനം ചെയ്യുക. പാലങ്ങള്‍ തുറന്നു നല്‍കുന്നതിലൂടെ കൊച്ചി നഗരത്തിലെ ഗതാഗത കുരുക്കിന് വലിയ പരിഹാരമാകും. ദേശീയപാതയുടെ ഭാഗമായി വരുന്ന മേല്‍പ്പാലങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ കിഫ്ബി ധനസഹായത്തോടെ ഏറ്റെടുത്ത് നിര്‍മ്മിച്ചവയാണ്.717 മീറ്റര്‍ ദൂരത്തില്‍ 86.34 കോടി രൂപ ചെലവിലാണ് വൈറ്റില മേല്‍പ്പാലം പൂര്‍ത്തിയായത്. സംസ്ഥാനത്ത് ഏറ്റവും തിരക്കേറിയ ജംഗ്ഷനിലൊന്നായാണ് വൈറ്റിലയെ കണക്കാക്കുന്നത്. അതേസമയം എന്‍എച്ച്‌ 66, എന്‍എച്ച്‌ 966ബി, എന്‍എച്ച്‌ 85 എന്നിവ സംഗമിക്കുന്ന ഇടമാണ് കുണ്ടന്നൂര്‍. 701 മീറ്റര്‍ ദൈര്‍ഘ്യത്തില്‍ 82.74 കോടി രൂപ ചെലവിട്ടാണ് പാലം പൂര്‍ത്തീകരിച്ചത്.നേരത്തെ ഉദ്ഘാടനത്തിന് മുൻപ് തന്നെ വി ഫോര്‍ കൊച്ചി എന്ന സംഘടനയുടെ പ്രവര്‍ത്തകര്‍ പാലം തുറന്നുകൊടുത്തത് വിവാദമായിരുന്നു. നിര്‍മാണം പൂര്‍ത്തിയായിട്ടും പാലം ഉദ്ഘാടനം നടത്തുന്നില്ല എന്ന ആരോപണത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ഇത്.മുടങ്ങി കിടന്ന ഒരു പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കി നാടിന് സമര്‍പ്പിക്കാന്‍ സാധിച്ചതില്‍ അഭിമാനമുണ്ടെന്ന് മുഖ്യമന്ത്രി ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. വി ഫോര്‍ കൊച്ചിക്കാരെയും അതിനെ പിന്തുണച്ച ജസ്റ്റിസ് കമാല്‍ പാഷയെയും പരോക്ഷമായി കുറ്റപ്പെടുത്തി കൊണ്ടാണ് മുഖ്യമന്ത്രി സംസാരിച്ചത്. ചിലര്‍ കുത്തിതിരിപ്പുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്നും, പ്രതിസന്ധി ഘട്ടങ്ങളില്‍ ഇക്കൂട്ടരെ കണ്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അരാജകത്വത്തിന് കുട പിടിക്കണോയെന്ന് അവര്‍ തീരുമാനിക്കട്ടെയെന്നും മുഖ്യമന്ത്രി പറഞ്ഞു.

Previous ArticleNext Article