India, News

കർഷക സമരം 44 ആം ദിവസത്തിലേക്ക്;കര്‍ഷകരും കേന്ദ്ര സര്‍ക്കാരും തമ്മില്‍ ഇന്ന് നിര്‍ണ്ണായക ചര്‍ച്ച

keralanews farmers strike enters its 44th day crucial discussion between farmers and central government today

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെയുള്ള കര്‍ഷകരുടെ സമരം നാല്‍പത്തിനാലാം ദിവസത്തിലേക്ക്. കേന്ദ്രസര്‍ക്കാരും കര്‍ഷകരുമായുള്ള എട്ടാംവട്ട ചര്‍ച്ച ഇന്ന് ഉച്ചയ്ക്ക് രണ്ടിന് ഡല്‍ഹി വിഗ്യാന്‍ ഭവനില്‍ നടക്കും. ചര്‍ച്ച പരാജയപ്പെട്ടാല്‍ പ്രക്ഷോഭം കൂടുതല്‍ ശക്തമാക്കാനാണ് കര്‍ഷക സംഘടനകളുടെ തീരുമാനം. നിയമങ്ങള്‍ പിന്‍വലിക്കുമെന്ന് രേഖാമൂലമുള്ള ഉറപ്പു ലഭിച്ചില്ലെങ്കില്‍, രാജ്യതലസ്ഥാനം ഇതുവരെ കാണാത്ത വിധമുള്ള പ്രക്ഷോഭമുണ്ടാകുമെന്നാണു കര്‍ഷകരുടെ മുന്നറിയിപ്പ്. ഇത് കേന്ദ്ര സര്‍ക്കാരിനെ വെട്ടിലാക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ ചര്‍ച്ചയില്‍ സര്‍ക്കാര്‍ എടുക്കുന്ന നിലപാട് നിര്‍ണ്ണായകമാണ്.നിയമങ്ങള്‍ പിന്‍വലിക്കാനാകില്ലെന്നും മറ്റ് നിര്‍ദേശങ്ങള്‍ പരിഗണിക്കാമെന്നും കേന്ദ്ര കൃഷിമന്ത്രി നരേന്ദ്രസിംഗ് തോമര്‍ ആവര്‍ത്തിച്ചു പറയുന്നു. സുപ്രിംകോടതി അടുത്ത തിങ്കളാഴ്ച കര്‍ഷക സമരം സംബന്ധിച്ച ഹര്‍ജികള്‍ പരിഗണിക്കാനിരിക്കുന്ന സാഹചര്യത്തില്‍ ഇന്നത്തെ ചര്‍ച്ച നിര്‍ണായകമാണ്. പ്രക്ഷോഭത്തിന്റെ ഭാഗമായി ഡല്‍ഹി അതിര്‍ത്തി മേഖലകളായ സിംഘു, തിക്രി, ഗസ്സിപ്പുര്‍ എന്നിവിടങ്ങളിലും രാജസ്ഥാന്‍ ഹരിയാന അതിര്‍ത്തിയിലെ ഷാജഹാന്‍പുരിലും ഹരിയാനയിലെ പല്‍വലിലും ഇന്നലെ കർഷകർ ട്രാക്ടര്‍ റാലി നടത്തിയിരുന്നു. ദേശീയ പതാകകളുമായി അണിനിരന്ന മൂവായിരത്തോളം ട്രാക്ടറുകളില്‍ ചിലത് ഓടിച്ചതു വനിതകളാണ്. വിമുക്ത ഭടന്മാരും തൊഴിലാളികളും ഒപ്പം ചേര്‍ന്നു. 43 ദിവസം പിന്നിട്ട കര്‍ഷക പ്രക്ഷോഭത്തിലെ ഏറ്റവും വലിയ ശക്തിപ്രകടനം പൊലീസ് തടഞ്ഞില്ല.കേരളത്തില്‍ നിന്നുള്‍പ്പെടെ പരമാവധി കര്‍ഷകരെ വരുംദിവസങ്ങളില്‍ ഡല്‍ഹി അതിര്‍ത്തികളിലെത്തിക്കും. ലക്ഷക്കണക്കിനു കര്‍ഷകര്‍ 25നു ഡല്‍ഹിയിലേക്കു കടക്കും.

Previous ArticleNext Article