Kerala, News

വാളയാര്‍ കേസില്‍ പ്രതികളെ വെറുതെവിട്ട വിചാരണ കോടതിയുടെ വിധി ഹൈക്കോടതി റദ്ദാക്കി;കേസില്‍ പുനര്‍വിചാരണ നടത്താന്‍ ഉത്തരവ്

keralanews high court canceled verdict acquitting accused in walayar case orders retrial

കൊച്ചി: വാളയാര്‍ കേസില്‍ പ്രതികളെ വെറുതെവിട്ട വിചാരണ കോടതി വിധി ഹൈക്കോടതി റദ്ദാക്കി.സര്‍ക്കാരിന്റെയും കുട്ടികളുടെ അമ്മയുടെയും അപ്പീല്‍ പരിഗണിച്ചാണ് പാലക്കാട് പോക്‌സോ കോടതിയുടെ വിധി ഹൈക്കോടതി റദ്ദാക്കിയത്.കേസില്‍ പുനര്‍വിചാരണ നടത്താനും ഹൈക്കോടതി ഉത്തരവിട്ടു. കേസ് പുനര്‍വിചാരണയ്ക്കായി വിചാരണ കോടതിക്ക് കൈമാറി. പ്രതികള്‍ ജനുവരി 20ന് വിചാരണ കോടതിയില്‍ ഹാജരാകണം. പുനര്‍വിചാരണയുടെ ഭാഗമായി പ്രോസിക്യൂഷന് കൂടുതല്‍ സാക്ഷികളെ വിസ്തരിക്കാം. കേസില്‍ അന്വേഷണ ഉദ്യോഗസ്ഥരുടെയും പ്രോസിക്യൂഷന്റെയും വിചാരണ കോടതിയുടെയും വീഴ്ചകള്‍ കോടതി അക്കമിട്ട് നിരത്തി. പോക്‌സോ കോടതി ജഡ്ജിമാര്‍ക്ക് സര്‍ക്കാര്‍ പ്രത്യേക പരിശീലനം നല്‍കണമെന്നും ഹൈക്കോടതി നിര്‍ദേശം നല്‍കി.വിചാരണ കോടതിയെ സമീപിച്ച്‌ തുടരന്വേഷണത്തിന് അനുമതി ലഭിച്ചാല്‍ കേസില്‍ വീണ്ടും അന്വേഷണം നടത്താം. ഈ സാഹചര്യത്തില്‍ നിലവിലെ കുറ്റപത്രത്തിലെ പോരായ്മകളും തെളിവുകളുടെ അപര്യാപ്തത പരിഹരിക്കാനും പോലീസിന് കഴിയും.2017ലാണ് വാളയാളിലെ സഹോദരിമാര്‍ ദുരൂഹ സാഹചര്യത്തില്‍ ആത്മഹത്യ ചെയ്തത്. 13കാരി ജനുവരിയിലും ഒൻപത് വയസുകാരി മാര്‍ച്ചിലും തൂങ്ങിമരിച്ചു. ഇരുവരും ക്രൂരമായ പീഡനങ്ങള്‍ക്ക് ഇരയായി എന്ന് തെളിഞ്ഞിരുന്നു.വി മധു, ഷിബു, എം മധു, പ്രദീപ് എന്നീ പ്രതികളെയാണ് പോക്സോ കോടതി വെറുതെ വിട്ടിരുന്നത്. കേസ് അന്വേഷിച്ച പോലീസിന്റെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായി എന്ന് ആരോപണം ഉയര്‍ന്നിരുന്നു. തുടരന്വേഷണത്തിന് ഒരുക്കമാണ് എന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. പ്രതികള്‍ക്ക് അനുകൂലമാകുന്ന നടപടികളാണ് കേസിന്റെ തുടക്കം മുതലുണ്ടായതെന്ന് പെണ്‍കുട്ടികളുടെ രക്ഷിതാക്കള്‍ ആരോപിച്ചിരുന്നു.

Previous ArticleNext Article