Kerala, News

പക്ഷിപ്പനി;സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി കേന്ദ്രസംഘം നാളെ കേരളത്തിലെത്തും

keralanews central team will arrive in kerala tomorrow to assess the bird flu situation

കോട്ടയം: സംസ്ഥാനത്ത് പക്ഷിപ്പനി പടരുന്ന സാഹചര്യത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കേന്ദ്ര സംഘം നാളെ കേരളത്തിലെത്തും.പക്ഷിപ്പനി സ്ഥിരീകരിച്ച കോട്ടയം, ആലപ്പുഴ ജില്ലകളില്‍ വിദഗ്ധ സംഘം സന്ദര്‍ശനം നടത്തും. നേരത്തെ കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ പക്ഷിപ്പനി ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് നാളെ സന്ദര്‍ശനം നടത്തുന്നത്.പക്ഷിപ്പനി ഭീഷണിയാകുന്ന സാഹചര്യത്തില്‍ കേരളമടക്കമുള്ള സംസ്ഥാനങ്ങളുടെ പ്രതിരോധ നടപടികള്‍ ഏകോപിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ കണ്‍ട്രോള്‍ റൂമും തുറന്നിട്ടുണ്ട്. പക്ഷിപ്പനി വ്യാപനം ഒഴിവാക്കാന്‍ സാദ്ധ്യമായ എല്ലാ മുന്‍കരുതലുകളും സ്വീകരിക്കണമെന്ന് കേന്ദ്രം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിരുന്നു. സംസ്ഥാനത്ത് നിരീക്ഷക സമിതി രൂപീകരിക്കണമെന്നും കേന്ദ്ര നിര്‍ദ്ദേശത്തില്‍ പറഞ്ഞിരുന്നു.കേരളത്തില്‍ എച്ച്‌-5 എന്‍-8 വിഭാഗത്തില്‍പ്പെട്ട വൈറസ് ബാധയാണ് പക്ഷികളില്‍ സ്ഥിരീകരിച്ചിരിക്കുന്നത്. ഈ വൈറസ് മനുഷ്യരിലേക്ക് പകരില്ലെന്നാണ് ആരോഗ്യ വകുപ്പ് നല്‍കുന്ന വിശദീകരണം.പക്ഷിപ്പനി സ്ഥിരീകരിച്ച ആലപ്പുഴ,കോട്ടയം ജില്ലകളില്‍ പന്ത്രണ്ടായിരത്തോളം താറാവുകള്‍ രോഗം ബാധിച്ച്‌ ചത്തു. കൂടാതെ രോഗം സ്ഥിരീകരിച്ച 36000 താറാവുകളെ നശിപ്പിച്ചിട്ടുമുണ്ട്. പക്ഷികളെ കൊല്ലുന്നതിന് നേതൃത്വം നല്‍കുന്നതിന് ആലപ്പുഴയില്‍ 18 അംഗ റാപ്പിഡ് റെസ്‌പോണ്‍സ് ടീം രൂപവത്കരിച്ചിട്ടുണ്ട്. ഒരു വെറ്റിനറി ഡോക്ടറുള്‍പ്പടെ 10 പേര്‍ ടീമില്‍ അംഗങ്ങളായിരിക്കും. കോട്ടയത്ത് വെറ്ററിനറി ഡോക്ടര്‍മാരുടെ നേതൃത്വത്തിലുള്ള എട്ട് ദ്രുതകര്‍മ്മ സേനകളെ നിയോഗിച്ചു. വിവിധ വകുപ്പുകളിലെ അഞ്ച് ഉദ്യോഗസ്ഥര്‍ വീതമാണ് ഓരോ സംഘത്തിലും ഉണ്ടാകുക.പക്ഷികളുടെ അസ്വാഭാവിക മരണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ കേന്ദ്രസര്‍ക്കാരിനെ അറിയിക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. കേരളം, രാജസ്ഥാന്‍, ഹിമാചല്‍പ്രദേശ്, മധ്യപ്രദേശ് സംസ്ഥാനങ്ങളിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചിട്ടുള്ളത്. ഹരിയാന, ഗുജറാത്ത്, പഞ്ചാബ്, ഉത്തരാഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിലും പക്ഷിപ്പനി ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Previous ArticleNext Article