കണ്ണൂർ:ജില്ലയിൽ ആദ്യമായി ഷിഗല്ല രോഗബാധ സ്ഥിരീകരിച്ചു.വയറിളക്കത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ആറുവയസുകാരനാണ് രോഗബാധ സ്ഥിരീകരിച്ചത്. ചിറ്റാരിപ്പറമ്പ് പഞ്ചായത്ത് എട്ടാം വാർഡ് പൂവത്തിന് കീഴിലാണ് രോഗബാധ റിപ്പോർട്ട് ചെയ്തത്.കുട്ടി ഇപ്പോൾ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. കഴിഞ്ഞ 27നാണ് കുട്ടിക്ക് വയറിളക്കം തുടങ്ങിയത്. ഇതേ വീട്ടിലെ മറ്റ് രണ്ട് കുട്ടികൾക്കും വയറിളക്കമുണ്ടായിരുന്നു. മൂവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.രണ്ടുപേർ രോഗം ഭേദമായി ആശുപത്രി വിട്ടു. ഒരാളുടെ രോഗം ഭേദമാകാത്തതിനാൽ നടത്തിയ പരിശോധനയിലാണ് ഷിഗല്ല കണ്ടത്തിയത്.പഞ്ചായത്ത് പ്രസിഡന്റ് വി ബാലൻ, വാർഡ് അംഗം കെ വി ശ്രീധരൻ എന്നിവർ വീട് സന്ദർശിച്ചു. തൊടീക്കളം പിഎച്ച്‌സി മെഡിക്കൽ ഓഫീസർ ഡോ. ഷെറീജ് ജനാർദനൻ,ഹെൽത് ഇൻസ്പെക്റ്റർ എം ബദറുദ്ദീൻ എന്നിവരുടെ നേതൃത്വത്തിൽ പ്രദേശത്തെ കിണർ വെള്ളം പരിശോധിക്കുകയും സൂപ്പർ ക്ലോറിനേഷൻ നടത്തുകയും ചെയ്തു.