കൊച്ചി:പന്തീരാങ്കാവ് യു.എ.പി.എ കേസില്‍ താഹ ഫസല്‍ കോടതിയില്‍ കീഴടങ്ങി. ഹൈക്കോടതി ജാമ്യം റദ്ദാക്കിയ സാഹചര്യത്തിലാണ് ഇത്.കേസില്‍ രണ്ടാം പ്രതി താഹ ഫസലിന്റെ ജാമ്യം ഹൈക്കോടതി ഇന്നലെയാണ് റദ്ദാക്കിയത്.ഇരുവര്‍ക്കും ജാമ്യം അനുവദിച്ച എന്‍ഐഎ പ്രത്യേക കോടതി ഉത്തരവിനെതിരെ ദേശീയ അന്വേഷണ ഏജന്‍സി നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് എ.ഹരിപ്രസാദ്, ജസ്റ്റിസ് കെ.ഹരിപാല്‍ എന്നിവരുടെ ഉത്തരവ്.ജാമ്യം നിഷേധിച്ച ഹൈക്കോടതി വിധിക്കെതിരെ മേല്‍കോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് താഹ പ്രതികരിച്ചു.ഒന്നാം പ്രതി അലന്‍ ഷുഹൈബിന്റെ ജാമ്യം തുടരും.എന്‍ഐഎ കോടതി വിധിയിലെ അലന്റെ ജാമ്യ വ്യവസ്ഥകള്‍ തുടരുമെന്നും കോടതി വ്യക്തമാക്കി.പ്രത്യേക കോടതി ജഡ്ജിക്കു മുന്നില്‍ കീഴടങ്ങാന്‍ താഹയ്ക്കു ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇത് അനുസരിച്ചാണ് താഹയുടെ കീഴടങ്ങല്‍.കീഴടങ്ങിയില്ലെങ്കില്‍ കസ്റ്റഡിയില്‍ എടുക്കാന്‍ പ്രത്യേക കോടതി നടപടിയെടുക്കണം എന്നും ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. എത്രയും വേഗം വിചാരണ നടത്തി കേസ് ഒരു വര്‍ഷത്തിനുള്ളില്‍ തീര്‍പ്പാക്കാനും നിര്‍ദ്ദേശം നല്‍കി.2019 നവംബര്‍ ഒന്നിനാണ് സിപിഎം പ്രവര്‍ത്തകരായ അലന്‍ ഷുഹൈബിനെയും താഹ ഫസലിനെയും മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യുഎപിഎ ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തത്.അതിനിടെ താഹയ്ക്ക് ജാമ്യം നിഷേധിച്ച സംഭവത്തില്‍ പ്രതികരിച്ച് അലന്‍ ശുഹൈബ് രംഗത്തുവന്നു. സഹോദരനാണ് ജയിലില്‍ പോയതെന്നും നടപടി ഭീകരമായിപ്പോയെന്നും അലന്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.