തിരുവനന്തപുരം: കവിയും ഗാനരചയിതാവുമായ അനിൽ പനച്ചൂരാൻ(55) അന്തരിച്ചു. തിരുവനന്തപുരം കിംസ് ആശുപത്രിയിൽ ഇന്നലെ രാത്രി ഒൻപതു മണിയോടെയായിരുന്നു അന്ത്യം.കൊവിഡ് ബാധിച്ചു ചികിത്സയിൽ ആയിരുന്നു.ഞായറാഴ്ച രാവിലെ തലകറങ്ങി വീണതിനെത്തുടർന്ന് ആദ്യം മാവേലിക്കരയിലെയും പിന്നീട് കരുനാഗപ്പള്ളിയിലെയും സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടി.പിന്നീട് ഗുരുതരാവസ്ഥയിലായതോടെ തിരുവനന്തപുരത്തെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പുറത്തുവരുന്ന വിവരം.ലാൽ ജോസ് സംവിധാനം ചെയ്ത അറബിക്കഥ എന്ന ചിത്രത്തിലെ ‘ചോര വീണ മണ്ണിൽ നിന്ന്…’ എന്ന ഗാനം പാടി അവതരിപ്പിച്ചതിലൂടെയാണ് ശ്രദ്ധേയനായത്. കഥപറയുമ്പോൾ എന്ന ചിത്രത്തിലെ ‘വ്യത്യസ്തനാമൊരു ബാർബറാം ബാലനെ…’, വെളിപാടിന്റെ പുസ്തകത്തിലെ ‘ജിമിക്കി കമ്മൽ’ തുടങ്ങിയവ ജനപ്രീതി നേടിയ ഗാനങ്ങളാണ്.ഒരു കാട് എന്ന പേരിൽ തിരക്കഥ പൂർത്തിയാക്കിയ സിനിമ സംവിധാനം ചെയ്യാനുള്ള തയാറെടുപ്പിലായിരുന്നു. വലയിൽ വീണ കിളികൾ, അക്ഷേത്രിയുടെ ആആത്മഗീതം എന്നിവയാണ് പ്രധാന കൃതികൾ. ഭാര്യ: മായ. മകൾ മൈത്രേയി.