തിരുവനന്തപുരം:ഓണ്‍ലൈന്‍ റമ്മി കളിച്ച് ലക്ഷങ്ങൾ നഷ്ട്ടപ്പെട്ട യുവാവ് ആത്മഹത്യ ചെയ്തു.തിരുവനന്തപുരം കുറ്റിച്ചല്‍ സ്വദേശിയും ഐഎസ്ആര്‍ഒയിലെ കരാര്‍ ജീവനക്കാരനുമായ വിനീത് ആണ് ആത്മഹത്യ ചെയ്തത്.കളിക്ക് അടിമപ്പെട്ടതോടെ സുഹൃത്തുക്കളില്‍ നിന്നും പരിചയക്കാരില്‍ നിന്നുമൊക്കെ ലക്ഷങ്ങള്‍ കടം വാങ്ങിയിരുന്നു. ഓണ്‍ലൈന്‍ വായ്പാ സംഘങ്ങളില്‍ നിന്നും പണമെടുത്തു.ഇത്തരത്തിൽ 21 ലക്ഷം രൂപയാണ് വിനീതിന് നഷ്ടമായത്.’പണമാണ് പ്രശ്നം, ആവുന്നതും പിടിച്ചുനില്ക്കാന് നോക്കി, കഴിയുന്നില്ല’ എന്നാണ് വിനിത് ആത്മഹത്യ കുറിപ്പില്‍ വ്യക്തമാക്കിയത്. വിദേശത്ത് രണ്ട് വര്‍ഷത്തോളം ജോലി നോക്കിയിരുന്ന വിനീത് അഞ്ച് വര്‍ഷം മുന്‍പാണ് ഐഎസ്ആര്‍ഒയില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജോലിക്ക് കയറുന്നത്. ലോക്ക്ഡൗണ്‍ കാലത്താണ് ഓണ്‍ലൈന്‍ റമ്മിയുടെ ചതിക്കുഴിയില്‍ വിനീത് അകപ്പെടുന്നത്. പണം നഷ്ടമായതോടെ രണ്ട് മാസം മുന്‍പ് വീടുവിട്ടിറങ്ങിയിരുന്നു.വിനീതിന്റെ പണം ഇടപാടുകള്‍ കേന്ദ്രീകരിച്ചും ഫോണ്‍കോളുകള്‍ കേന്ദ്രീകരിച്ചും അന്വേഷണം നടത്തുമെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്.അതേസമയം കടംവാങ്ങിയ പലരില്‍ നിന്നും വിനീതിന് ഭീഷണി ഉണ്ടായിട്ടുണ്ടെന്ന് കുടുംബം ആരോപിച്ചു.കടബാധ്യതയെ കുറിച്ച് കുടുംബാംഗങ്ങള്‍ വിവരമറിഞ്ഞതിനെ തുടര്‍ന്ന് 15 ലക്ഷത്തോളം രൂപ പലര്‍ക്കായി തിരിച്ചുനല്‍കിയിരുന്നു. മുഴുവന്‍ തുകയും അടച്ചുതീര്‍ക്കാമെന്നും അച്ഛനും സഹോദരനും വാക്ക് നല്‍കിയിരുന്നു. ഇതിനിടെ ഓണ്‍ലൈന്‍ വായ്പാ കമ്പനികളിൽ നിന്നും ചില ഭീഷണി സന്ദേശങ്ങള്‍ വിനീതിന്റെ ഫോണിലേക്കെത്തിയിരുന്നു.ഇത്തരം ഭീഷണികളുടെ സമ്മര്‍ദ്ദമാണ് ആത്മഹത്യയിലേക്ക് നയിച്ചെന്നാണ് കുടുംബം പറയുന്നത്.