Kerala, News

കോവിഡ് വാക്‌സിൻ;സംസ്ഥാനത്ത് നാല് ജില്ലകളില്‍ ഡ്രൈ റണ്‍ തുടങ്ങി

keralanews covid vaccine dry run started in four districts in kerala

തിരുവനന്തപുരം:സംസ്ഥാനത്ത് നാല് ജില്ലകളില്‍ കോവിഡ് വാക്‌സിൻ ഡ്രൈ റണ്‍ തുടങ്ങി.തിരുവനന്തപുരം, പാലക്കാട്, ഇടുക്കി, വയനാട് ജില്ലകളിലാണ് ഡ്രൈ റണ്‍ ആരംഭിച്ചത്. രാവിലെ 9 മുതല്‍ 11 വരെയാണ് ഡ്രൈ റണ്‍.തിരുവനന്തപുരം ജില്ലയിലെ പൂഴനാട് പ്രാഥമികാരോഗ്യ കേന്ദ്രം, പേരൂര്‍ക്കട ജില്ലാ മാതൃക ആശുപത്രി, കിംസ് ആശുപത്രി, ഇടുക്കി ജില്ലയിലെ വാഴത്തോപ്പ് പ്രാഥമികാരോഗ്യ കേന്ദ്രം, പാലക്കാട് ജില്ലയിലെ നെന്മാറ സാമൂഹ്യാരോഗ്യ കേന്ദ്രം, വയനാട് ജില്ലയിലെ കുറുക്കാമൂല പ്രാഥമികാരോഗ്യ കേന്ദ്രം എന്നിവിടങ്ങളിലാണ് ഡ്രൈ റണ്‍ നടക്കുന്നത്. ഓരോ കേന്ദ്രത്തിലും 25 ആരോഗ്യപ്രവര്‍ത്തകര്‍ വീതമാണ് പങ്കെടുക്കുന്നത്. തിരുവനന്തപുരത്ത് പേരൂര്‍ക്കട ജില്ലാ ആശുപത്രിയില്‍ ആരോഗ്യമന്ത്രിയുടെ മേല്‍നോട്ടത്തിലാണ് ഡ്രൈ റണ്‍ നടക്കുന്നത്. സംസ്ഥാനത്ത് വാക്‌സിനേഷന് ഇതുവരെ 3.13 ലക്ഷം പേരാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികളിലെ ആരോഗ്യപ്രവര്‍ത്തകര്‍ക്കും മറ്റ് ജീവനക്കാര്‍ക്കുമാണ് ആദ്യഘട്ടത്തില്‍ വാക്‌സിനേഷന്‍ നല്‍കുന്നത്. ചില സ്വകാര്യ ആശുപത്രികളും കൂടി പട്ടിക കൈമാറിയാല്‍ വാക്‌സിന്‍ സ്വീകരിക്കുന്നവരുടെ കൃത്യമായ എണ്ണം ലഭിക്കും.വാ‌ക്‌സിന്‍ വന്നു കഴിഞ്ഞാല്‍ കൃത്യമായി ആളുകളിലേക്ക് എത്തിക്കുന്നതെങ്ങനെ എന്നതാണ് ഡ്രൈ റണ്‍ കൊണ്ട് ഉദേശിക്കുന്നതെന്ന് ആരോഗ്യമന്ത്രി പറഞ്ഞു.ഓക്‌സ്‌ഫോര്‍ഡും ആസ്‌ട്രാ സെനിക്കും ചേര്‍ന്ന് നിര്‍മ്മിക്കുന്ന കൊവിഷീല്‍ഡ് വാ‌ക്‌സിനാണ് കിട്ടുമെന്ന് പ്രതീക്ഷിക്കുന്ന വാ‌ക്‌സിന്‍. രണ്ടു മൂന്ന് ദിവസത്തിനകം വാക്‌സിന്‍ എത്തിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്. ഔദ്യോഗിക അറിയിപ്പ് ഇതുവരെ വന്നിട്ടില്ലെന്നും മന്ത്രി പറഞ്ഞു.കൊവിഷീല്‍ഡ് പാര്‍ശ്വഫലങ്ങളൊന്നുമില്ലാത്ത വാക്‌സിന്‍ എന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്. ശീതികരണ സംവിധാനങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ ഒരുക്കുന്നുണ്ട്.എത്ര വാക്‌സിനാണ് കിട്ടുകയെന്ന് ഇപ്പോള്‍ പറയാനാകില്ല. ആരോഗ്യ പ്രവര്‍ത്തകര്‍ തന്നെ മൂന്നര ലക്ഷം പേരുണ്ട്. വളരെയധികം വാ‌ക്‌സിന്‍ വേണ്ടി വരും. ആവശ്യത്തിന് അനുസരിച്ച്‌ കേന്ദ്രസര്‍ക്കാര്‍ വാക്‌സിന്‍ തരുമെന്നാണ് പ്രതീക്ഷയെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

Previous ArticleNext Article