Kerala, News

കണ്ണൂര്‍ ഇരിക്കൂറില്‍ അതിമാരക മയക്കുഗുളികയുമായി യുവാവ് പിടിയില്‍

keralanews man arrested with drugs in kannur irikkur

കണ്ണൂര്‍:അതീവ മാരക മയക്കുമരുന്നുമായി ഇരിക്കൂറില്‍ യുവാവ് അറസ്റ്റിൽ.പുതുവത്സര ആഘോഷങ്ങൾക്കായി കടത്തിക്കൊണ്ടു വന്ന അതിമാരക മയക്കുഗുളികളുമായാണ് ഇരിക്കൂര്‍ സ്വദേശി അറസ്റ്റിലായത്.നിടുവള്ളൂര്‍ പള്ളിക്ക് സമീപം വച്ചാണ് എക്സൈസ് എന്‍ഫോഴ്സ്മെന്റ് ആന്റി നാര്‍ക്കോട്ടിക്ക് സ്പെഷ്യല്‍ സ്ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ കെ സുദേവന്റെ നേതൃത്വത്തിലുള്ള സംഘം വയ്ക്കാംകോട് പൈസായി ഫാത്തിമ മന്‍സിലില്‍ കെ.ആര്‍ സാജിദ് (34) നെ അതിമാരക ലഹരി മരുന്നായ ഒൻപത് ഗ്രാം മെത്തലിന്‍ ഡയോക്സി മെത്ത് ആംഫിറ്റാമിനുമായി ബൈക്ക് സഞ്ചരിക്കവെ അറസ്റ്റ് ചെയ്തത്.പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ യുവാക്കളെ ലക്ഷ്യമിട്ട് കടത്തിക്കൊണ്ടു വന്നതാണ് മോളി , എക്റ്റസി , എം, എന്നീ പേരില്‍ യുവാക്കളില്‍ അറിയപ്പെടുന്ന ലഹരിമരുന്ന്.ഒരു മാസം മുന്‍പ് കണ്ണൂര്‍ ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ അന്‍സാരി ബീഗുവിന് ലഭിച്ച രഹസ്യ വിവരത്തെത്തുടര്‍ന്ന് ഏറെ നാളായി ഇരിക്കൂര്‍ ടൗണും പരിസരവും എക്‌സൈസിന്റെ സ്പെഷ്യല്‍ സ്ക്വാഡും ,ഷാഡോ ടീമും രഹസ്യ നിരീക്ഷണം നടത്തി വരികയായിരുന്നു.ഇതില്‍ ഡയാനോമിസ് ഗ്രൗണ്ട് കേന്ദ്രീകരിച്ച്‌ പുലര്‍ച്ചെ രണ്ടു മണി വരെയും യുവാക്കള്‍ ലഹരി തേടിയെത്തുന്നത് കൃത്യമായി മനസ്സിലാക്കുകയും ചെയ്തിരുന്നു.പുതുവര്‍ഷ രാത്രിയാഘോഷിക്കുന്നതിന് ലഹരി ആവശ്യക്കാരായ യുവാക്കളുടെ എണ്ണമെടുത്ത് ആവശ്യാനുസരണം ലഹരി വിതരണത്തിന് തയ്യാറെടുത്തപ്പോഴാണ് ഇയാള്‍ എക്‌സൈസിന്റെ പിടിയിലാകുന്നത്. വെറും രണ്ട് ഗ്രാം എം.ഡി.എം.എ.കൈവശം വെയ്ക്കുന്നത് പത്തുവര്‍ഷം വരെ ശിക്ഷ ലഭിക്കുന്ന കുറ്റകൃത്യമാണ്. പിടിയിലായ സാജിദ് മുന്‍പും നിരവധി ക്രിമിനല്‍ കേസിലുള്‍പ്പെട്ട പ്രതിയാണെന്ന് എക്സൈസ് പറഞ്ഞു.എക്സൈസ് ഓഫീസര്‍മാരായ സി കെ ബിജു ,സജിത്ത് കണ്ണിച്ചി , പി സി പ്രഭുനാഥ് , കെ ഇസ്മയില്‍ , എക്സൈസ് കമ്മീഷണര്‍ സ്ക്വാഡ് അംഗം പി ജലീഷ് , എക്സൈസ് ഷാഡോ കെ ബിനീഷ് എന്നിവരാണ് പരിശോധനാ സംഘത്തില്‍ ഉണ്ടായിരുന്നത്.ഇയാളെ ചോദ്യം ചെയ്തതില്‍ ഇരിക്കൂറിലെ ലഹരിക്കച്ചവടക്കാരുടെയും ആവശ്യക്കാരുടെയും വിവരങ്ങള്‍ എക്സൈസിന് ലഭിച്ചിട്ടുണ്ട്. പ്രതിയെ ഇന്ന് രാവിലെ കണ്ണൂര്‍ ജൂഡിഷ്യല്‍ സെക്കന്റ് ക്ലാസ്സ് മജിസ്ട്രേറ്റ് മുൻപാകെ ഹാജരാക്കും.

Previous ArticleNext Article