Kerala, News

ഡോളർ കടത്ത് കേസ്;സ്പീക്കർ ശ്രീരാമകൃഷ്ണനെ കസ്റ്റംസ് ചോദ്യം ചെയ്യും

keralanews dollar smuggling case speaker sriramakrishnan to be questioned by customs

തിരുവനന്തപുരം:ഡോളർ കടത്ത് കേസിൽ സ്പീക്കർ ശ്രീരാമകൃഷ്ണനെ കസ്റ്റംസ് ചോദ്യം ചെയ്യും.സ്പീക്കറിനെതിരെ മജിസ്‌ട്രേട്ടിന് മുൻപാകെ സ്വപ്‌നയും സരിത്തും മൊഴി നല്‍കിയിരുന്നു.ഈ സാഹചര്യത്തിലാണ് സ്പീക്കറെ ചോദ്യം ചെയ്യുന്നത്.സ്പീക്കര്‍ക്ക് അടുത്ത ആഴ്ച കസ്റ്റംസ് നോട്ടീസ് നല്‍കും.ഡോളര്‍ അടങ്ങിയ ബാഗ് കോണ്‍സുലേറ്റ് ജനറലിനെ ഏല്‍പ്പിക്കാന്‍ സ്വപ്‌നയ്ക്ക് കൈമാറിയെന്നാണ് വെളിപ്പെടുത്തല്‍. ഇക്കാര്യം ഉറപ്പിക്കാന്‍ തെളിവുകള്‍ വേണ്ടി വരും. സ്വപ്‌നയും സരിത്തും ഒരേ വിഷയത്തില്‍ സമാന മൊഴി മജിസ്‌ട്രേട്ടിനും നല്‍കിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് സ്പീക്കറെ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുന്നത്. സ്പീക്കറുടെ വിശദീകരണം സൂക്ഷ്മമായി പരിശോധിക്കും. അതിന് ശേഷമാകും കേസില്‍ തീരുമാനങ്ങള്‍ എടുക്കുക.

അതേസമയം വിവാദങ്ങളോട് പ്രതികരണത്തിന് ഇല്ലെന്നാണ് ഈ ഘട്ടത്തില്‍ സ്പീക്കറുടെ നിലപാട്.സ്വര്‍ണ്ണ കള്ളക്കടത്തുകേസിലെ പ്രതികളുമായിട്ട് ഒരിക്കല്‍പ്പോലും യാത്ര ചെയ്യാനോ വിദേശത്ത് കണ്ടുമുട്ടാനോ ഉള്ള സാഹചര്യം ഉണ്ടായിട്ടില്ലെന്ന് സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ നേരത്തെ പറഞ്ഞിരുന്നു.നേരത്തെ കേസുമായി ബന്ധപ്പെട്ട് സ്പീക്കറുടെ പേര് ചര്‍ച്ചയായിരുന്നു. ഈ സാഹചര്യത്തിലായിരുന്നു ഈ പ്രസ്താവന.ഔദ്യോഗിക സ്വഭാവമുള്ള യാത്രകള്‍ക്കെല്ലാം നിയമപരമായ എല്ലാ നടപടിക്രമങ്ങളും സ്വീകരിച്ചുതന്നെയാണ് പോയിട്ടുള്ളത്. ഔദ്യോഗികപരമായ കാര്യങ്ങള്‍ ക്കുള്ള യാത്രയുടെ ചെലവ് മാത്രമേ സര്‍ക്കാരില്‍നിന്ന് ഉപയോഗിച്ചിട്ടുള്ളൂ. തിരുവനന്തപുരം സ്വര്‍ണ്ണ കള്ളക്കടത്തുകേസുമായി ബന്ധപ്പെട്ട് മാധ്യമങ്ങളില്‍ വന്നുകൊണ്ടിരിക്കുന്ന വാര്‍ത്ത തീര്‍ത്തും അടിസ്ഥാനരഹിതവും അവിശ്വസനീയവുമാണ്. സ്പീക്കറെയും സ്പീക്കറുടെ ഓഫീസിനെയും ബന്ധപ്പെടുത്തിക്കൊണ്ടുള്ള ഇത്തരം ഒരു പ്രചരണം വസ്തുതകളുമായി പുലബന്ധം പോലുമില്ലാത്തതാണെന്നും സ്പീക്കര്‍ വിശദീകരിച്ചിരുന്നു.എന്നാൽ ഇത് കസ്റ്റംസ് വിശ്വസിക്കുന്നില്ലെന്നതിന് തെളിവാണ് ചോദ്യം ചെയ്യലിന് വിളിക്കാനുള്ള തീരുമാനം.

Previous ArticleNext Article