Kerala, News

കോവിഡ് വാക്‌സിന്‍ വിതരണത്തിന് കേരളം പൂര്‍ണസജ്ജമെന്ന് ആരോഗ്യമന്ത്രി

FILE PHOTO: Vials labelled "COVID-19 Coronavirus Vaccine" are placed on dry ice in this illustration taken, December 4, 2020. REUTERS/Dado Ruvic/Illustration

തിരുവനന്തപുരം: കോവിഡ് വാക്‌സിന്‍ വിതരണത്തിന് സംസ്ഥാനം പൂര്‍ണസജ്ജമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ.വാക്‌സിന്‍ ലഭ്യമാക്കി തുടങ്ങിയാല്‍ അത് വളരെ പെട്ടന്ന് ജനങ്ങളിലേക്ക് എത്തിക്കാന്‍ സാധിക്കുമെന്നും മന്ത്രി വ്യക്തമാക്കി. വാക്സിന്‍ വിതരണത്തിന്റെ മുന്‍ഗണനാ പട്ടിക, വാക്സിന്‍ സംഭരണം, വാക്സിന്‍ വിതരണത്തിനുള്ള വളണ്ടിയര്‍മാര്‍, അതിനുള്ള പരിശീലനം എന്നിവ പൂര്‍ത്തിയാക്കിയിട്ടുണ്ടെന്നും ആരോഗ്യമന്ത്രി പറഞ്ഞു.സംസ്ഥാനത്ത് ജനസാന്ദ്രത താരതമ്യേന കൂടുതലാണ്, പ്രായം ചെന്നവരുടെ ജനസംഖ്യയും, ജീവിതശൈലീ രോഗമുള്ളവര്‍ ഏറ്റവും കൂടുതലും കേരളത്തിലാണ്. ഇതൊക്കെ പരിഗണിച്ച്‌ വാക്സിന്‍ വിതരണം ആരംഭിച്ചാല്‍ നല്ലൊരു വിഹിതം കേരളത്തിന് തരണമെന്ന് കേന്ദ്രത്തോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.വാക്സിന്‍ വിതരണത്തിന് കേന്ദ്രവും ഐസിഎംആറും ചേര്‍ന്ന് മാനദണ്ഡങ്ങളും നടപടിക്രമങ്ങളും നിശ്ചയിട്ടുണ്ട്. മുന്‍ഗണന നിശ്ചയിച്ചതു പ്രകാരമാണ് വാക്സിന്‍ വിതരണം നടത്തുക. ആരോഗ്യപ്രവര്‍ത്തകര്‍, പ്രായം ചെന്നവര്‍, മറ്റ് ജീവിതശൈലീ രോഗങ്ങള്‍ ഉള്ളവര്‍, രോഗബാധ ഏല്‍ക്കാന്‍ കൂടുതല്‍ സാധ്യതയുള്ള മറ്റുള്ളവര്‍ എന്നിങ്ങനെ മുന്‍ഗണന പ്രകാരമാവും വാക്സിന്‍ വിതരണം.വാക്സിന്‍ ലഭ്യമായാലുടന്‍ സംഭരിക്കാനുള്ള ഒരുക്കങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ പൂര്‍ത്തിയാക്കി. രണ്ട് ഡിഗ്രി മുതല്‍ എട്ട് ഡിഗ്രിവരെ ഊഷ്മാവില്‍ വാക്സിന്‍ ശീതികരിച്ച്‌ സൂക്ഷിക്കാന്‍ കഴിയുന്ന സംവിധാനങ്ങള്‍ തയ്യാറായി. വൈദ്യുതി മുടങ്ങിയാാല്‍ പോലും വാക്സിന്‍ രണ്ട് ദിവസം ശീതീകരിച്ച്‌ സൂക്ഷിക്കാന്‍ കഴിയുന്ന 20 ഐസ് ലൈന്‍ഡ് റഫ്രിജറേറ്റുകള്‍ എത്തിച്ചു. ഇവയുടെ ഊഷ്മാവ് കൃത്യമാണോ എന്ന് പരിശോധിക്കാന്‍ എല്ലാ ദിവസവും രണ്ട് നേരം പരിശോധന നടത്തുന്നുണ്ട്.ലഭ്യമായ വാക്സിന്‍ ഒരു സ്ഥലത്ത് നിന്നും മറ്റൊരു സ്ഥലത്തേക്ക് എത്തിക്കാനുള്ള വാഹന സൗകര്യങ്ങള്‍ സജ്ജമാണ്.വാക്സിന്‍ കൊണ്ട് പോകാന്‍ 1800 കാരിയറുകളും ചെറുതും വലുതുമായ 100 കോള്‍ഡ് ബോക്സുകളും തയ്യാറാക്കിയിട്ടുണ്ട്. ശീതീകരണ സംവിധാനത്തില്‍ നിന്ന് പുറത്തെടുത്ത് ശേഷവും വാക്സിന്‍ സൂക്ഷിക്കാന്‍ കഴിയുന്ന 12000 ഐസ് പാക്കുകള്‍ സംസ്ഥാനത്ത് എത്തിച്ചു. ആദ്യഘട്ടത്തില്‍ 17ലക്ഷം സിറിഞ്ചുകള്‍ ആവശ്യമാണെന്നാണ് ആവശ്യമാണെന്നാണ് വിദഗ്ദ്ധര്‍ വ്യക്തമാക്കുന്നത്. രണ്ട് ദിവസത്തിനുള്ളില്‍ ഇത്രയും സിറിഞ്ചുകള്‍ സംസ്ഥാനത്ത് എത്തും.കേരളത്തിലെ രണ്ടായിരത്തിലേറെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍, കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ എന്നിങ്ങനെയുള്ള 2000ത്തിലേറെ ആശുപത്രികളില്‍ എല്ലാവിധ തയ്യെടുപ്പുകളും പൂര്‍ത്തിയായി കഴിഞ്ഞു. ഇവിടെയെല്ലം വാക്സിന്‍ സൂക്ഷിക്കാനുള്ള ശീതീകരണ സൗകര്യങ്ങള്‍ അടക്കമുള്ളവ ഉണ്ടായിരിക്കും.

Previous ArticleNext Article