ന്യൂഡൽഹി:ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസ് ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നവരുടെ എണ്ണം 20 ആയി. ബ്രിട്ടണില്‍ കണ്ടെത്തിയ ഈ വൈറസ് പുതിയതായി 14 പേര്‍ക്ക് കൂടി കണ്ടെത്തിയതോടെയാണ് രോഗബാധിതരുടെ എണ്ണം ഇത്രയും ഉയര്‍ന്നത്. കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് ഇതുസംബന്ധിച്ച കണക്ക് പുറത്തുവിട്ടത്. ബ്രിട്ടണില്‍ നിന്നുവന്ന ആറ് പേര്‍ക്ക് രോഗബാധയുള്ളതായി ആദ്യം തന്നെ സ്ഥിരീകരിച്ചിരുന്നു.എന്‍സിഡിസി ദല്‍ഹിയില്‍ നടത്തിയ പരിശോധനയില്‍ എട്ട് പേര്‍ക്കും, ബെംഗളൂരു നിംഹാന്‍സില്‍ നടത്തിയ പരിശോധനയില്‍ ഏഴ് പേര്‍ക്കും, ഹൈദരാബാദ് സിസിഎംബിയില്‍ നടത്തിയ പരിശോധനയില്‍ രണ്ട് പേര്‍ക്കുമാണ് പുതിയതായി രോഗബാധ കണ്ടെത്തിയിരിക്കുന്നത്. എന്‍ഐജിബി കൊല്‍ക്കത്ത, എന്‍ഐവി പൂനെ, ഐജിഐബി ദല്‍ഹി എന്നിവിടങ്ങളില്‍ നടത്തിയ പരിശോധനകളില്‍ ഒരാള്‍ക്കുമാണ് ഈ രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. കോവിഡിനു കാരണമായ സാര്‍സ് കോവ്-2 വൈറസിന്റെ ബ്രിട്ടനില്‍ കണ്ടെത്തിയ പുതിയ വകഭേദമാണ് ഇവരിലുള്ളത്.രോഗം സ്ഥിരീകരിച്ചവരില്‍ ഉത്തര്‍പ്രദേശില്‍ നിന്നുള്ള രണ്ട് വയസ്സുകാരിയും ഉള്‍പ്പെടും.യുകെയില്‍ നിന്ന് മടങ്ങിയെത്തിയ കുടുംബമാണ്. കുട്ടിയുടെ അച്ഛനും അമ്മയ്ക്കും കൊവിഡിന്റെ പഴയ വകഭേദം തന്നെയാണ് കണ്ടെത്തിയിരിക്കുന്നത്.ജനിതക മാറ്റം വന്ന കൊറോണ വൈറസ് രോഗബാധ സ്ഥിരീകരിച്ചിട്ടുള്ളവരെ വെവ്വേറെ മുറികളിലാണ് പാര്‍പ്പിച്ചിരിക്കുന്നത്. ഇവര്‍ക്ക് പ്രത്യേകം സമ്പർക്ക വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും സ്ഥിതി ജാഗ്രതയോടെ നിരീക്ഷിക്കുകയാണെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. ഇവരുമായി സമ്പർക്കമുണ്ടായ സഹയാത്രികര്‍, കുടുംബാംഗങ്ങള്‍ തുടങ്ങിയവരെ കണ്ടെത്താന്‍ ശ്രമം തുടങ്ങിയിട്ടുണ്ട്.നവംബര്‍ 25-നുശേഷം 33,000 പേരാണ് ബ്രിട്ടനില്‍നിന്നെത്തിയത്. ഇവരെ മുഴുവന്‍ ആര്‍ടി-പിസിആര്‍ പരിശോധനയ്ക്ക് വിധേയമാക്കിയതില്‍ 114 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഈ സാംപിളുകള്‍ ജനിതകഘടനാശ്രേണി നിര്‍ണയത്തിനായി രാജ്യത്തെ പത്ത് പ്രമുഖ ലാബുകളുടെ കണ്‍സോര്‍ഷ്യത്തിന് അയച്ചുകൊടുത്തു. അതിലാണ് 20 പേരില്‍ പുതിയതരം വൈറസ് ബാധ കണ്ടെത്തിയത്.വകഭേദം വന്ന വൈറസിന് പഴയതിനെ അപേക്ഷിച്ച് വ്യാപനശേഷി 70 ശതമാനം കൂടുതലാണ്. ഒരാളില്‍നിന്ന് വളരെവേഗം മറ്റൊരാളിലേക്ക് പകരും. എന്നാല്‍, ഈ ഇനം വൈറസ് കൂടുതല്‍ മാരകമാണെന്നതിന് തെളിവുകളില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ പറഞ്ഞു.അതേസമയം നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യം ഇന്ത്യയില്‍ ഇല്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. കൊവിഡ് വാക്‌സിന്‍ നല്‍കാനുള്ള തയ്യാറെടുപ്പുകള്‍ ഇപ്പോള്‍ പൂര്‍ത്തിയായിവരികയാണ്. വാക്‌സിന് പുതിയ വകഭേദത്തെയും പ്രതിരോധിക്കാന്‍ കഴിയും എന്നാണ് ആരോഗ്യമന്ത്രാലയം അറിയിച്ചത്.