തിരുവനന്തപുരം:നെയ്യാറ്റിന്‍കരയില്‍ കുടിയൊഴിപ്പിക്കലിനിടെ ആത്മഹത്യക്ക് ശ്രമിച്ച ദമ്പതികൾ മരിച്ച സംഭവത്തിൽ പരാതിക്കാരി പോലീസ് കസ്റ്റഡിയില്‍.മരിച്ച ദമ്പതികളുടെ കുട്ടികളെ സന്ദര്‍ശിക്കാനായി ഇന്ന് വീട്ടിലെത്തിയ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വസന്തയെ പൊലീസ് കസ്റ്റഡിയിലെടുക്കുമെന്നും സംഭവത്തില്‍ പൊലീസിന്റെ ഭാഗത്ത് വീഴ്ച പറ്റിയോ എന്ന് പരിശോധിക്കുമെന്നും പറഞ്ഞതിന് പിന്നാലെയാണ് പരാതിക്കാരിയെ പോലീസ് കസ്റ്റഡിയിലെടുത്തത്.മരിച്ച അമ്പിളിയുടെ മൃതദേഹം വീട്ടിലെത്തിക്കുമ്പോൾ ഇവർക്കെതിരേ പ്രതിഷേധം ഉയരാൻ സാധ്യതയുണ്ടെന്ന വിലയിരുത്തലിലാണ് പോലീസ് നടപടി. വസന്തയെ പോലീസ് വീട്ടിൽ നിന്നും മാറ്റുന്നതിനിടെ നാട്ടുകാരുടെ പ്രതിഷേധമുണ്ടായി. പരാതിക്കാരിയായ വസന്തയുടെ ഇടപെടല്‍ മൂലം ഹൈക്കോടതി വിധി വരാന്‍ പോലും കാത്തുനില്‍ക്കാതെ വീടൊഴിപ്പിക്കാന്‍ പൊലീസ് ശ്രമിച്ചെന്നാണ് മരിച്ച ദമ്പതികളുടെ മക്കളുടെ ആരോപണം. അതേസമയം ഗുണ്ടായിസം കാണിച്ചവര്‍ക്ക് ഒരിക്കലും വസ്തു വിട്ടുനല്‍കില്ല, വേണമെങ്കില്‍ അറസ്റ്റ് വരിക്കാനും ജയിലില്‍ കിടക്കാനും തയ്യാറാണെന്നും വസന്ത മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചു.നിയമവഴി മാത്രമാണ് സ്വീകരിച്ചത്. വസ്തു തന്റേതെന്നു തെളിയിക്കും. വസ്തു വിട്ടുകൊടുക്കാന്‍ മക്കള്‍ പറയുന്നു. തല്‍ക്കാലും വിട്ടുകൊടുക്കില്ലെന്നും നിയമത്തിന്‍റെ മുന്നില്‍ മുട്ടുകുത്തിച്ചിട്ട് വിട്ടുകൊടുക്കാമെന്നും വസന്ത പറഞ്ഞു.