Kerala, News

കണ്ണൂർ ജില്ലയിൽ എട്ട്‌ നഗരസഭകളില്‍ അഞ്ചിലും എല്‍ഡിഎഫ്‌ അധികാരത്തിലേക്ക്‌

keralanews ldf comes to power in five of the eight municipalities in kannur district

കണ്ണൂര്‍: ജില്ലയില്‍ തെരഞ്ഞെടുപ്പ്‌ നടന്ന എട്ട്‌ നഗരസഭകളില്‍ അഞ്ചിലും എല്‍ഡിഎഫ്‌ അധികാരത്തിലേക്ക്‌.ആന്തൂര്‍ നഗരസഭ ചെയര്‍മാനായി എല്‍ഡിഎഫിലെ പി മുകുന്ദനെ(സിപിഐ എം) ഐകകണ്‌ഠേന തെരഞ്ഞെടുത്തു.നഗരസഭയിലെ ആകെയുള്ള 28 സീറ്റുകളും എല്‍ഡിഎഫാണ്‌ നേടിയത്‌.പയ്യന്നൂര്‍ നഗരസഭ ചെയര്‍മാനായി എല്‍ഡിഎഫിലെ കെ വി ലളിത(സിപിഐഎം) തെരഞ്ഞെടുക്കപ്പെട്ടു.യുഡിഎഫിലെ അത്തായി പത്മിനിയെ(കോണ്‍ഗ്രസ്‌) 28 വോട്ടിനാണ്‌ പരാജയപ്പെടുത്തിയത്‌. കെ വി ലളിതക്ക്‌ 35 വോട്ടും പത്മിനിക്ക്‌ ഏഴ്‌ വോട്ടും ലഭിച്ചു. സിപിഐ എം ഏരിയകമ്മിറ്റിയംഗവും മഹിളാഅസോസിയേഷൻ ജില്ലാകമ്മിറ്റിയംഗവുമായ ‌ ‌ കെ വി ലളിത രണ്ടാം തവണയാണ്‌ ചെയര്‍മാനാവുന്നത്‌.ആകെ 42 പേരാണ്‌ വോട്ട്‌ചെയ്‌തത്‌. ലീഗ്‌ വിമതല്‍ എം ബഷീന്‍ വോട്ടെടുപ്പില്‍ നിന്ന്‌വിട്ടുനിന്നു. എത്താന്‍ വൈകിയതിനാല്‍ ലീഗിലെ ഹസീന കാട്ടൂരിന്‌ വോട്ട്‌ ചെയ്യാനായില്ല.കൂത്തുപറമ്പ് നഗരസഭ ചെയര്‍മാനായി എല്‍ഡിഎഫിലെ വി സുജാത (സിപിഐഎം) എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. 28 സീറ്റുകളില്‍ 26 ലും എല്‍ഡിഎഫാണ്‌ വിജയിച്ചത്‌. തലശേരി നഗരസഭ ചെയര്‍മാനായി എല്‍ഡിഎഫിലെ ജമുനറാണി(സിപിഐ എം )തെരഞ്ഞെടുക്കപ്പെട്ടു.ബിജെപിയിലെ ഇ ആശയെ 28 വോട്ടിനാണ്‌ പരാജയപ്പെടുത്തിയത്‌. ജമുനറാണിക്ക്‌ 36‌ വോട്ടും ആശയ്‌ക്ക്‌ 8‌ വോട്ടും ലഭിച്ചു. മുസ്ലീം ലിഗിലെ ടിവി റാഷിദ ആറ്‌ വോട്ട്‌ നേടി. 50 അംഗങ്ങളാണ്‌ വോട്ട്‌ചെയ്‌തത്‌. അസുഖത്തെ തുടര്‍ന്ന്‌ സിപിഐ എമിലെ തബസും ലീഗിലെ കെ പി അന്‍സാരിയും വോട്ട്‌ ചെയ്‌തില്ല.ഇരിട്ടി നഗരസഭ ചെയര്‍മാനായി എല്‍ഡിഎഫിലെ കെ ശ്രീലത(സിപിഐ എം)തെരഞ്ഞെടുക്കപ്പെട്ടു. യുഡിഎഫിലെ പി കെ ബല്‍ക്കീസിനെ(ലീഗ്‌) 11നെതിരെ 14 വോട്ടുകള്‍ നേടിയാണ്‌ കെ ശ്രീലത പരാജയപ്പെടുത്തിയത്‌.ശ്രീകണ്‌ഠപുരം നഗരസഭ ചെയര്‍മാനായി യുഡിഎഫിലെ ഡോ. കെ വി ഫിലോമിന തെരഞ്ഞെടുക്കപ്പെട്ടു. എല്‍ഡിഎഫിലെ കെ വി ഗീതയെ (സിപിഐ എം) ആറ്‌ വോട്ടിനാണ്‌ പരാജയപ്പെടുത്തിയത്‌. ആകെ പോള്‍ ചെയ്‌ത 30 വോട്ടുകളില്‍ കെ വി ഫിലോമിനക്ക്‌ ‌ 18 വോട്ടും കെ വി ഗീതക്ക്‌ ‌ 12 വോട്ടും ലഭിച്ചു. കെ വി ഫിലോമിന കെപിസിസി ജനറല്‍ സെക്രട്ടറിയും മുന്‍ജില്ലാ പഞ്ചായത്തംഗവുമാണ്‌.പാനൂര്‍ നഗരസഭ ചെയര്‍മാനായി യുഡിഎഫിലെ വി നാസര്‍(ലീഗ്‌) തെരഞ്ഞെടുക്കപ്പെട്ടു. എല്‍ഡിഎഫിലെ കെ കെ സുധീര്‍കുമാറിനെ ഒൻപത് വോട്ടുകള്‍ക്കാണ് ‌പരാജയപ്പെടുത്തിയത്‌. വി നാസറിന്‌ 23‌ വോട്ടും കെ കെ സുധീര്‍കുമാറിന് 14 വോട്ടും ലഭിച്ചു.

Previous ArticleNext Article