Kerala, News

കണ്ണൂരിൽ അഡ്വ. ടി.ഒ. മോഹനൻ മേയറാകും

keralanews adv t o mohanan will be kannur mayor

കണ്ണൂർ: സംസ്ഥാനത്ത് യു.ഡി.എഫിന് ഭരണം കിട്ടിയ ഏക കോർപറേഷനായ കണ്ണൂരിൽ അഡ്വ. ടി.ഒ. മോഹനൻ മേയറാകും. ഞായറാഴ്ച നടന്ന കോർപറേഷനിലെ കോൺഗ്രസ് കൗൺസിലർമാരുടെ യോഗത്തിൽ വോട്ടെടുപ്പിലൂടെയാണ് അഡ്വ. ടി.ഒ. മോഹനനെ മേയർ സ്ഥാനാർത്ഥിയായി തെരഞ്ഞെടുത്തത്. ഏതാനും ദിവസങ്ങളായി കോൺഗ്രസ് നേതൃത്വം നടത്തിയ ചർച്ചകളിലൊന്നും സമവായത്തിൽ മേയർ സ്ഥാനാർത്ഥിയെ കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിലാണ് കോർപറേഷൻ കോൺഗ്രസ് പാർട്ടി കൗൺസിൽ യോഗം വിളിച്ചു ചേർത്തത്. ഇതിലും സമവായത്തിൽ എത്താനാകുന്നില്ലെങ്കിൽ വോട്ടെടുപ്പ് നടത്തി മേയർ സ്ഥാനാർത്ഥിയെ തീരുമനിക്കാൻ കെപിസിസി ഡി.സി.സിക്ക് നിർദ്ദേശം നൽകിയിരുന്നു. മേൽനോട്ടം വഹിക്കാൻ ചുമതലപ്പെടുത്തിയ കെപിസിസി വൈസ് പ്രസിഡന്റ് ടി. സിദ്ദിഖിന്റെ സാന്നിധ്യത്തിലായിരുന്നു യോഗം.മുൻ ഡെപ്യൂട്ടി മേയർ പി.കെ. രാഗേഷും അഡ്വ.ടി.ഒ. മോഹനനും തമ്മിലായിരുന്നു പ്രധാനമായും മേയർ സ്ഥാനത്തിന് വേണ്ടി മത്സരിച്ചത്. കെപിസിസി ജനറൽ സെക്രട്ടറി അഡ്വ. മാർട്ടിൻ ജോർജ് അടക്കം മുന്നുപേരാണ് ആദ്യം രംഗത്തുണ്ടായിരുന്നത്. പി.കെ. രാഗേഷും ടി.ഒ. മോഹനനും ഉറച്ചു നിന്നതോടെ മാർട്ടിൻ ജോർജ് മത്സര രംഗത്തു നിന്നും ഒഴിവായി. ടി.ഒ. മോഹനന് 11 വോട്ടും പി.കെ. രാഗേഷിന് ഒമ്പത് വോട്ടും കിട്ടി. രണ്ട് വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് അഡ്വ. ടി.ഒ. മോഹനൻ മേയറാകാൻ തെരഞ്ഞെടുക്കപ്പെട്ടത്.ഡി സി സി ഓഫീസിൽ നടന്ന യോഗത്തിൽ കെപിസിസി വർക്കിങ് പ്രസിഡന്റ് കെ സുധാകരൻ എം പി, ഡി സി സി പ്രസിഡന്റ് സതീശൻ പാച്ചേനി എന്നിവരും പങ്കെടുത്തു.കെ എസ് യു വിലൂടെ രാഷ്ട്രീയ പ്രവർത്തനം തുടങ്ങിയ ടി ഓ മോഹനൻ ഡി സി സി ജനറൽ സെക്രട്ടറിയായിരുന്നു.നിലവിൽ കെപിസിസി നിർവാഹക സമിതി അംഗമാണ്.

Previous ArticleNext Article