തിരുവനന്തപുരം:ജനുവരി ഒന്നു മുതല്‍ പത്ത്,പ്ലസ്ടു ക്ലാസുകള്‍ ആരംഭിക്കുന്നു.ഇതിനായുള്ള മാർഗനിർദേശങ്ങൾ ആരോഗ്യവകുപ്പ് പുറത്തിറക്കി.ആദ്യഘട്ടത്തില്‍ പരമാവധി 50 ശതമാനം കുട്ടികളെ മാത്രമേ സ്കൂളുകളില്‍ അനുവദിക്കാന്‍ പാടുള്ളു. ആദ്യത്തെ ആഴ്ച ഒരു ബഞ്ചില്‍ ഒരു കുട്ടി എന്ന നിലയില്‍ ക്ലാസ് ക്രമീകരിക്കണം. രണ്ട് ഷിഫ്റ്റുകളായാണ് ക്ലാസുകള്‍ പ്രവര്‍ത്തിക്കേണ്ടത്. രാവിലെ ഒന്‍പതിനോ അല്ലെങ്കില്‍ പത്തിനോ ആരംഭിച്ച് പന്ത്രണ്ടിനോ ഒന്നിനോ അവസാനിക്കുന്ന ആദ്യഷിഫ്റ്റും ഒരുമണിക്കോ അല്ലെങ്കില്‍ രണ്ടുമണിക്കോ ആരംഭിച്ച് നാലിനോ അഞ്ചിനോ അവസാനിക്കുന്ന രണ്ടാമത്തെ ഷിഫ്റ്റും.സ്കൂളിലെ ആകെയുള്ള കുട്ടികള്‍, ലഭ്യമായ ക്ലാസ് മുറികള്‍, മറ്റുസൗകര്യങ്ങള്‍ എന്നിവ കണക്കിലെടുത്തുവേണം സ്കൂളിലേക്ക് വരുന്ന കുട്ടികളുടെ എണ്ണം തീരുമാനിക്കാന്‍. കുട്ടികള്‍ തമ്മില്‍ കുറഞ്ഞത് രണ്ടുമീറ്റര്‍ ശാരീരികാകലം പാലിക്കണം. ആവശ്യമെങ്കില്‍ ഇതിനായി മറ്റ് ക്ലാസ് മുറികള്‍ ഉപയോഗപ്പെടുത്തണം. പല ബാച്ചുകളിലെ കുട്ടികള്‍ക്ക് ക്ലാസ് തുടങ്ങുന്നസമയം, ഇടവേള, അവസാനിക്കുന്ന സമയം തുടങ്ങിയവ വ്യത്യസ്തമായി ക്രമീകരിക്കണം.
300 കുട്ടികള്‍ വരെയുള്ള ഇടങ്ങളില്‍ ഒരു സമയം 50 ശതമാനം വരെ കുട്ടികള്‍ക്ക് ഹാജരാകാം. മാസ്ക്കും സാനിറ്റൈസറും നിർബന്ധമാണ്. കുട്ടികള്‍ കുടിവെള്ളം കൈമാറുകയോ ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുകയോ ചെയ്യരുത്. കോവിഡ് രോഗബാധിതര്‍ (കുട്ടികള്‍, അധ്യാപകര്‍, സ്കൂള്‍ ജീവനക്കാര്‍), രോഗലക്ഷണമുള്ളവര്‍, ക്വാറന്റീനില്‍ കഴിയുന്നവര്‍ എന്നിങ്ങനെയുള്ളവര്‍ ആരോഗ്യവകുപ്പ് നിശ്ചയിച്ചിട്ടുള്ള ദിവസങ്ങള്‍ക്കുശേഷം മാത്രമേ സ്കൂളില്‍ ഹാജരാകാന്‍ പാടുള്ളു. സ്കൂളില്‍ അണുനശീകരണ പ്രവര്‍ത്തനങ്ങള്‍ ഉറപ്പുവരുത്തണം.മാസ്ക്,ഡിജിറ്റല്‍ തെര്‍മോമീറ്റര്‍, സാനിറ്റൈസര്‍, സോപ്പ് തുടങ്ങിയവയും സജ്ജീകരിക്കേണ്ടതാണ്. സ്റ്റാഫ്റൂമിലും അധ്യാപകര്‍ നിശ്ചിത അകലം പാലിക്കണം. ശാരീരികാകലം പാലിക്കുന്നത് ഓര്‍മിപ്പിക്കുന്ന പോസ്റ്ററുകള്‍, സ്റ്റിക്കറുകള്‍, സൂചനാ ബോര്‍ഡുകള്‍ എന്നിവയും സ്കൂളില്‍ പതിപ്പിക്കണം. കുട്ടികള്‍ക്കും അധ്യാപകര്‍ക്കും അവശ്യഘട്ടങ്ങളില്‍ ആരോഗ്യപരിശോധനാ സൗകര്യവും ഒരുക്കണം. സ്കൂള്‍ വാഹനങ്ങളിലും മറ്റുവാഹനങ്ങളിലും സാമൂഹികാകലം ഉറപ്പുവരുത്തണം. കോവിഡ് പ്രതിരോധ നിര്‍ദേശങ്ങള്‍ പാലിക്കാനും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും എല്ലാ സ്കൂളുകളിലും കോവിഡ്സെല്‍ രൂപവത്കരിക്കണം. ആഴ്ചയില്‍ ഒരിക്കല്‍ യോഗംകൂടി സാഹചര്യം വിലയിരുത്തണമെന്നും നിര്‍ദേശമുണ്ട്.സ്കൂള്‍ വാഹനത്തിനുള്ളിലും മറ്റു വാഹനങ്ങളിലും സാമൂഹികഅകലം പാലിക്കണം. സ്കൂള്‍ വാഹനങ്ങളില്‍ പ്രവേശിക്കുന്നതിനു മുൻപ് തെര്‍മല്‍ സ്ക്രീനിങ് നടത്തണം. വാഹനങ്ങള്‍ക്കുള്ളില്‍ മാസ്ക് നിര്‍ബന്ധമാക്കണം.