ഇടുക്കി: നടൻ അനിൽ നെടുമങ്ങാട് മുങ്ങിമരിച്ചു.ഇടുക്കി മലങ്കര ഡാമിൽ കുളിക്കാനിറങ്ങിയപ്പോഴാണ് അപകടമുണ്ടായത്.ജോജു ജോര്‍ജ്ജ് നായകനാകുന്ന സിനിമയുടെ ഷൂട്ടിംഗിനായാണ് അനില്‍ നെടുമങ്ങാട് തൊടുപുഴയില്‍ എത്തിയത്.ഇന്നലെ ക്രിസ്തുമസ് പ്രമാണിച്ചു ഷൂട്ടിങ് ഉണ്ടായിരുന്നില്ല.ഷൂട്ടിങ് ഇല്ലാത്തതിനാല്‍ വൈകിട്ട് 5 മണിയോടെയാണ് മണക്കാട് ലൊക്കേഷനില്‍ നിന്നും അനിലും സുഹൃത്തുക്കളായ കൊല്ലം പത്താനാപുരം സ്വദേശി അരുണ്‍, തിരുവനന്തപുരം സ്വദേശി വിനോദും കൂടി കാറില്‍ മലങ്കര ഡാമിലേയ്ക്ക് പുറപ്പെട്ടത്. ഇവിടെ കുളിക്കാന്‍ വേണ്ടി ഇറങ്ങുകയായിരുന്നു അനില്‍. ഈ ഭാഗത്തേയ്ക്ക് ആദ്യം ഇറങ്ങിയ അനില്‍ അല്‍പ്പംകൂടി താഴേയ്ക്കിറങ്ങുന്നതിനായി വെള്ളത്തിലേയ്ക്ക് കാലെടുത്തുവച്ചതോടെ ബാലന്‍സ് തെറ്റി ജാലാശയത്തില്‍ പതിക്കുകയായിരുന്നു. പോലീസുകാരും സമീപവാസികളും ചേര്‍ന്നാണ് അനിലിന്റെ മൃതദേഹം കണ്ടെത്തിയത്. കരയ്‌ക്കെത്തിക്കുമ്പോൾതന്നെ അനില്‍ മരണമടഞ്ഞിരുന്നു. ഉടനെ അടുത്തുള്ള തൊടുപുഴ ജില്ലാ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോയി. ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിക്കുകയായിരുന്നു. രാവിലെ മൃതദേഹം ജില്ലാ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോകും. തുടര്‍ന്ന് കോവിഡ് ടെസ്റ്റിനുശേഷം പോസ്റ്റുമോര്‍ട്ടം നടത്തിയതിനുശേഷമേ മൃതദേഹം വിട്ടുനല്‍കൂ. ടിവി ചാനലുകളിലൂടെയുള്ള പ്രോഗ്രാമുകളിലൂടെയാണ് അനില്‍ തന്റെ കരിയര്‍ ആരംഭിക്കുന്നത്. തസ്‌കരവീരനായിരുന്നു അദ്ദേഹത്തിന്റെ ആദ്യത്തെ ചിത്രം. രാജീവ് രവിയുടെ ഞാന്‍ സ്റ്റീവ് ലോപസ്സിലൂടെയാണ് ശ്രദ്ധേയനാവുന്നത്. അയ്യപ്പനും കോശിയിലെ സിഐ സതീഷ്‌നായര്‍ അനിലിന്റെ കരിയറിലെ മികച്ച കഥാപാത്രമായി മാറി. പൊറിഞ്ചു മറിയം ജോസിലെ കുര്യന്‍, കമ്മട്ടിപാടത്തിലെ സുരേന്ദ്രന്‍, പരോളിലെ വിജയന്‍ തുടങ്ങിയവയാണ് അനിലിന്റെ ശ്രദ്ധേയമായ കഥാപാത്രങ്ങള്‍.