കൊച്ചി: കള്ളപ്പണം വെളുപ്പിച്ചെന്ന കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍പ്രിന്‍സിപ്പള്‍ സെക്രട്ടറി എം.ശിവശങ്കരിനെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കുറ്റപത്രം സമര്‍പ്പിച്ചു. ശിവശങ്കര്‍ അറസ്റ്റിലായി ചൊവ്വാഴ്ച അറുപത് ദിവസം പൂര്‍ത്തിയാവാനിരിക്കേയാണ് ഇഡി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.60 ദിവസത്തിനകം കുറ്റപത്രം നല്‍കിയില്ലെങ്കില്‍ സ്വാഭാവിക ജാമ്യം തേടി പ്രതിചേര്‍ക്കപ്പെട്ട വ്യക്തിക്ക് കോടതിയെ സമീപിക്കാം. എം ശിവശങ്കര്‍ ഇങ്ങനെയൊരു നിയമസാധ്യത ഉപയോഗിച്ച് ജാമ്യം നേടി പുറത്തുപോയാല്‍ അത് അന്വേഷണത്തെ ബാധിക്കുമെന്ന് ഇഡി കരുതുന്നു. ഈ സാഹചര്യത്തിലാണ് അനുബന്ധ കുറ്റപത്രം ഇന്ന് നല്‍കിയത്.ഇതോടെ അദ്ദേഹത്തിന് സ്വാഭാവിക ജാമ്യം ലഭിക്കാനുള്ള സാധ്യതയും അവസാനിച്ചു.കേസ് അന്വേഷിക്കുന്ന ഇഡി സംഘം സമര്‍പ്പിക്കുന്ന രണ്ടാമത്തെ കുറ്റപത്രമാണിത്.മൂന്ന് ഭാഗങ്ങളായി തയ്യാറാക്കിയ കുറ്റപത്രത്തില്‍ ആയിരത്തിലധികം പേജുകളുണ്ട്. സ്വർണക്കടത്തിന്റെ വിവിധ വശങ്ങള് കേന്ദ്രീകരിച്ച് കസ്റ്റംസും എന്‍ഐഎയും ഇഡിയും അന്വേഷണം നടത്തുന്നുണ്ട് ഈ സാഹചര്യത്തില്‍ ശിവശങ്കര്‍ ജാമ്യത്തില്‍ പുറത്തിറങ്ങിയാല്‍ അതു അന്വേഷണത്തെ ബാധിക്കുമെന്നും ഇഡിയുടെ കുറ്റപത്രത്തില്‍ പറയുന്നു.സ്വർണക്കടത്തിന്റെ പ്രധാന ബുദ്ധികേന്ദ്രമാണ് ശിവശങ്കര്‍ എന്ന് ഇഡിയുടെ കുറ്റപത്രത്തില്‍ പറയുന്നത്. സ്വപ്ന, സരിത്ത്, സന്ദീപ് എന്നിവരടങ്ങിയ സഹായത്തിന് എല്ലാ സഹായവും ശിവശങ്കര്‍ ചെയ്തു കൊടുത്തു. ശിവശങ്കറിന്റെ അറിവോടെയാണ് കള്ളക്കടത്ത് നടന്നത്. കള്ളക്കടത്തിലൂടെ വലിയ സമ്പാദ്യമാണ് ശിവശങ്കര്‍ നേടിയത്. കുറ്റകൃത്യത്തിലൂടെ ലഭിച്ച പണം സൂക്ഷിക്കാനായി സ്വപ്നയെ ശിവശങ്കര്‍ ഉപയോഗിച്ചുവെന്നു കണ്ടെത്തിയതായും ഇഡി കോടതിയില്‍ പറഞ്ഞിരുന്നു.