കാസര്‍ഗോഡ്: കാഞ്ഞങ്ങാട് കല്ലൂരാവില്‍ ഡിവൈഎഫ്ഐ പ്രവര്ത്തകന് കുത്തേറ്റ് മരിച്ചു.കല്ലൂരാവി സ്വദേശി അബ്ദുള്‍ റഹ്മാന്(27) ആണ് കൊല്ലപ്പെട്ടത്. ബുധനാഴ്ച രാത്രി 10.30ഓടെ കാഞ്ഞങ്ങാട് മുണ്ടോത്തുവെച്ചാണ് അബ്ദുള്‍ റഹ്മാന് കുത്തേറ്റത്.ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.പഴയകടപ്പുറം മുണ്ടത്തോട് ഡിവൈഎഫ്ഐ യൂണിറ്റ് കമ്മിറ്റി അംഗമാണ് അബ്ദുറഹ്മാന്. കൊലപാതകത്തിന് പിന്നില്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകരാണെന്ന് ഡിവൈഎഫ്ഐ ആരോപിച്ചു. ഇതുമായി ബന്ധപ്പെട്ട് യൂത്ത് ലീഗ് മുന്‍സിപ്പല്‍ സെക്രട്ടറി ഇര്‍ഷാദിനെ പോലീസ് പ്രതിചേര്‍ത്തു. കുത്തേറ്റ അബ്ദുള്‍ റഹ്മാനെ ആശുപത്രിയില്‍ എത്തിച്ച സുഹൃത്ത് റിയാസ് പോലീസില്‍ നല്കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇര്‍ഷാദിനെ കേസില്‍ പ്രതി ചേര്‍ത്തിരിക്കുന്നത്. ഇത് കൂടാതെ കണ്ടാലറിയുന്ന രണ്ട് പേര്‍ക്കെതിരേയും പോലീസ് കേസെടുത്തിട്ടുണ്ട്. തലയ്ക്ക് പരിക്കേറ്റ ഇര്‍ഷാദ് നിലവില്‍ ചികിത്സയിലാണ്.സംഭവത്തെ തുടര്‍ന്ന് കാഞ്ഞങ്ങാട് നഗരസഭാ പരിധിയില്‍ എല്‍ഡിഎഫ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. പ്രദേശത്ത് മുസ്ലിം ലീഗും ഡിവൈഎഫ്ഐ പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷം നിലനിന്നിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളാണ് സംഘര്‍ഷത്തിലേക്ക് എത്തിയതെന്നാണ് സൂചന.അബ്ദുള്‍ റഹ്മാന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം കണ്ണൂര്‍ ഗവ,മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ചിരിക്കുകയാണ്.