തിരുവനന്തപുരം:അഭയ കൊലക്കേസിൽ രണ്ട് പ്രതികളും കുറ്റക്കാരെന്ന് കോടതി.ഒന്നാം പ്രതിഫാദർ തോമസ് കോട്ടൂർ, മൂന്നാം പ്രതി സെഫി എന്നിവരാണ് കുറ്റക്കാർ. രണ്ടുപേർക്കും എതിരെ കൊലക്കുറ്റം കോടതി കണ്ടെത്തി. തിരുവനന്തപുരം പ്രത്യേക സിബിഐ കോടതിയാണ് വിധി പറഞ്ഞത്. പ്രതികള്‍ക്കുള്ള ശിക്ഷ നാളെ വിധിക്കും. ജഡ്ജി കെ. സനല്‍കുമാറാണ് വിധി പ്രസ്താവിച്ചത്. കൊലപാതകം നടന്ന് 28 വർഷത്തിന് ശേഷമാണ് കേസിൽ വിധി വരുന്നത്. ഫാ. തോമസ് കോട്ടൂരിനെതിരെയും സിസ്റ്റര്‍ സെഫിക്കെതിരെയും കൊലപാതകം, തെളിവു നശിപ്പിക്കല്‍ എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. ഫാ. തോമസ് കോട്ടൂര്‍ കൊലനടത്തുകയെന്ന ഉദ്ദേശ്യത്തോടെ അതിക്രമിച്ചു കയറിയെന്നും കോടതി വിലയിരുത്തി. ഫാ.തോമസ് കോട്ടൂര്‍, സിസ്റ്റര്‍ സെഫി എന്നിവരാണു യഥാക്രമം ഒന്നും മൂന്നും പ്രതികള്‍. സിബിഐയുടെ കുറ്റപത്രത്തില്‍ രണ്ടാം പ്രതിയായിരുന്ന ഫാ.ജോസ് പൂതൃക്കയിലിനെ വിചാരണ കൂടാതെ കോടതി വിട്ടയച്ചിരുന്നു.1992 മാർച്ച് 27നാണ് കോട്ടയം ബി.സി.എം കോളേജിലെ രണ്ടാം വര്‍ഷ പ്രീ ഡിഗ്രി വിദ്യാര്‍ത്ഥിനിയായ സിസ്റ്റര്‍ അഭയയെ പയസ് ടെന്‍ത് കോണ്‍വെന്‍റിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ലോക്കല്‍ പൊലീസ് 17 ദിവസവും ക്രൈംബ്രാഞ്ച് ഒമ്പതര മാസവും കേസ് അന്വേഷിച്ചെങ്കിലും ആത്മഹത്യയാണെന്നായിരുന്നു നിഗമനം. ക്രൈം ബ്രാഞ്ച് റിപ്പോർട്ട് ചോദ്യം ചെയ്ത് അഭയ ആക്ഷൻ കൗൺസിൽ നല്‍കിയ ഹര്‍ജി പരിഗണിച്ച് ഹൈക്കോടതി സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ടു. ആത്മഹത്യയാണെന്ന ക്രൈം ബ്രാഞ്ചിന്‍റെ വാദം ശരിയല്ലെന്നു സി.ബി.ഐ കണ്ടെത്തിയെങ്കിലും ലോക്കല്‍ പൊലീസും ക്രൈംബ്രാഞ്ചും തെളിവുകള്‍ നശിപ്പിച്ചതിനാല്‍ പ്രതികളെ കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന് കോടതിയെ അറിയിച്ചു.പ്രതികളെ കണ്ടെത്താന്‍ കഴിയാത്തത് കൊണ്ട് കേസ് അവസാനിപ്പിക്കണമെന്ന സിബിഐയുടെ അപേക്ഷ എറണാകുളം സിജെഎം കോടതി 1996 ഡിസംബര്‍ ആറിന് തള്ളി തുടരന്വേഷണത്തിന് ഉത്തരവിട്ടു. രണ്ട് വര്‍ഷത്തെ അന്വേഷണത്തിന് ഒടുവില്‍ പ്രതികളെ കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന് വ്യക്തമാക്കി സിബിഐ 1999 ജൂലൈ 12 നും 2005 ആഗസ്റ്റ് 30 നും സിബിഐ റിപ്പോര്‍ട്ട് നല്‍കി. എന്നാല്‍ മൂന്ന് തവണയും കോടതി തുടരന്വേഷണത്തിന് ഉത്തരവിട്ടു. ഒടുവില്‍ ഹൈക്കോടതി ഉത്തരവ് പ്രകാരം സി.ബി.ഐ കേരള ഘടകം കേസ് ഏറ്റെടുത്തതോടെ വഴിത്തിരിവായി. അഭയ കൊല്ലപ്പെട്ട് 16 വര്‍ഷത്തിന് ശേഷം 2008 നവംബര്‍ 18ന് ഫാദര്‍ തോമസ് കോട്ടൂര്‍, ജോസ് പുതൃക്കയില്‍, സിസ്റ്റര്‍ സെഫി എന്നിവരെ ഡി.വൈ.എസ്.പി നന്ദകുമാര്‍ നായരുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തു.പ്രതികളുടെ അവിഹിതം കണ്ടതിനെ തുടർന്ന് കൈക്കോടാലിയുടെ പിടികൊണ്ട് അഭയയുടെ നെറുകയിൽ മാരകമായി മർദ്ദിച്ചശേഷം അബോധാവസ്ഥയിലായപ്പോൾ മരിച്ചെന്ന് കരുതി കിണറ്റിൽ ഉപേക്ഷിച്ചുവെന്നായിരുന്നു കേസ്. കേസില്‍ 49 പ്രോസിക്യൂഷന്‍ സാക്ഷികളെ വിസ്തരിച്ചു. ഇതില്‍ രഹസ്യമൊഴി നല്‍കിയ സാക്ഷികള്‍ ഉള്‍പ്പെടെ എട്ടു പേര്‍ കൂറുമാറി. മൂന്നാം സാക്ഷി അടയ്ക്കാ രാജുവിന്റെ മൊഴിയായിരുന്നു നിര്‍ണായകം. പ്രതിഭാഗത്തുനിന്നും സാക്ഷികളാരും ഉണ്ടായിരുന്നില്ല. ഈ മാസം 10 നാണ് വാദം പൂര്‍ത്തിയായത്.