India, Kerala, News

തട്ടിക്കൊണ്ടുപോയവരുടെ കയ്യിൽ നിന്നും മലയാളി ദമ്പതികളുടെ ​മ​ക​നെ​ ​കര്‍ണാടക പൊലീസ് രക്ഷപ്പെടുത്തിയത് സർജിക്കൽ സ്‌ട്രൈക്കിലൂടെ

keralanews karnataka police rescue malayaleecouples son from kidnappers through surgical strike

മംഗളൂരു:കണ്ണൂര്‍ സ്വദേശികളും ബിസിനസുകാരുമായ ദമ്പതികളുടെ  മകനെ തട്ടിക്കൊണ്ടു പോയി മോചന ദ്രവ്യം ആവശ്യപ്പെട്ട സംഘത്തെ മിന്നലാക്രമണത്തിലൂടെ കീഴടക്കി കര്‍ണാടക പൊലീസ് . വ്യാഴാഴ്ച രാവിലെ തട്ടിക്കൊണ്ടുപോയ കുട്ടിയെ ശനിയാഴ്ച പുലര്‍ച്ചെയാണ് ഒരു പോറല്‍പോലും ഏല്ക്കാതെ രക്ഷപ്പെടുത്തിയത്. ഏഴംഗ സംഘത്തെ അറസ്റ്റ് ചെയ്തു. മംഗളുരു ബല്‍ത്തങ്ങാടി ഉജിരെയില്‍ മലയാളി ബിസിനസുകാരും കണ്ണൂര്‍ സ്വദേശികളുമായ ബിജോയ് അറയ്കലിന്റെയും ശാരിതയുടെയും എട്ടുവയസുള്ള മകന്‍ അനുഭവിനെയാണ് തട്ടിക്കൊണ്ടുപോയത്.ബംഗളൂരു ഇലക്‌ട്രോണിക്സ് സിറ്റിയിലെ കോമള്‍, ഇയാളുടെ സുഹൃത്ത് മഹേഷ്, മാണ്ഡ്യ സ്വദേശി ഗംഗാധര്‍, കുട്ടിയെ ഒളിപ്പിച്ച വീടിന്റെ ഉടമ മഞ്ജുനാഥ് എന്നിവരും പേരുവിവരങ്ങള്‍ വ്യക്തമായിട്ടില്ലാത്ത മൂന്നു പേരുമാണ് അറസ്റ്റിലായത്. ഉജിരെയിലെ വീടിനു മുന്നില്‍ ബിജോയിയുടെ പിതാവ് ശിവന്‍ നോക്കിനില്‍ക്കേയാണ് ബംഗലൂരു  രജിസ്ട്രേഷനിലുള്ള വെള്ള ഇന്‍ഡിക്ക കാറിലെത്തിയ സംഘം റോഡരികില്‍ നിന്ന് കുട്ടിയെ തട്ടിക്കൊണ്ടുപോയത്. കുട്ടിയെ കോലാര്‍ ജില്ലയിലെ ഉള്‍പ്രദേശത്തെ വീട്ടില്‍ ഒളിപ്പിച്ചശേഷം വെള്ളിയാഴ്ച രാവിലെ അനുഭവിന്റെ അമ്മ ശാരിതയെ ഫോണില്‍ വിളിച്ച്‌ 17 കോടി രൂപ മോചനദ്രവ്യമായി ആവശ്യപ്പെട്ടു. ഹാര്‍ഡുവെയര്‍ബിസിനസുകാരനാണ് ബിജോയ്.ബല്‍ത്തങ്ങാടി പൊലീസ് അന്വേഷണം തുടരവേ, സംഘാംഗം ശാരിതയെ വീണ്ടും വിളിച്ച്‌ മോചനദ്രവ്യം 100 ബിറ്റ്കോയിനായി നല്‍കാന്‍ ആവശ്യപ്പെട്ടു. പിന്നീട് അത് 20 ആയി കുറച്ചു. പണമായി നല്‍കുന്നെങ്കില്‍ പത്തുകോടി മതിയെന്നും പറഞ്ഞു. പിന്നീട് വിളിച്ച്‌ 25 ലക്ഷം രൂപ അടിയന്തരമായി എത്തിക്കണമെന്നായി.ഇതിനിടെ ഫോണ്‍ ലൊക്കേഷന്‍ കോലാര്‍ ജില്ലയിലാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.കുട്ടിയുടെ സുരക്ഷിതത്വം മുന്‍നിറുത്തി കോലാര്‍ പൊലീസിന്റെ സഹായത്തോടെ വീട് കണ്ടെത്തി നിരീക്ഷണത്തിലാക്കി. സംഘം ഉറക്കത്തിലായിരിക്കേ ശനിയാഴ്ച പുലര്‍ച്ചെ കെട്ടുറപ്പില്ലാത്ത വീടുവളഞ്ഞ് പൊലീസ് ഇരച്ചുകയറുകയായിരുന്നു.ദക്ഷിണ കന്നഡ ജില്ലാ പൊലീസ് മേധാവി ബി.എല്‍. ലക്ഷ്മിപ്രസാദും കോലാര്‍ ജില്ലാ പൊലീസ് മേധാവി കാര്‍ത്തിക് റെഡ്ഡിയും ഓപ്പറേഷന് നേതൃത്വം നല്‍കി. കുട്ടിയെ കുടുംബത്തിന് കൈമാറി.

Previous ArticleNext Article