കോഴിക്കോട്: കോഴിക്കോട്ടെ മായനാട് കൊറ്റമ്പരം കോട്ടാംപറമ്പ് മേഖലയില്‍ ഷിഗെല്ല രോഗം പടര്‍ന്നു പിടിച്ചത് കുടിവെള്ളത്തിലൂടെയെന്ന് കണ്ടെത്തല്‍.കോഴിക്കോട് സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലെ കമ്യൂണിറ്റി മെഡിസിന് വിഭാഗത്തിന്റെ പ്രാഥമിക പഠന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം കണ്ടെത്തിയിരിക്കുന്നത്. പ്രാഥമിക റിപ്പോര്‍ട്ട് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ക്കും കോര്പറേഷന് ആരോഗ്യ വിഭാഗത്തിനും സമര്‍പ്പിച്ചു.ഷിഗെല്ല രോഗം ബാധിച്ചു മരിച്ച പതിനൊന്നുകാരന്റെ മരണാനന്തരച്ചടങ്ങില്‍ വിതരണം ചെയ്ത വെള്ളത്തിലൂടെയാണു രോഗം പടര്‍ന്നതെന്നാണു കണ്ടെത്തല്‍. അതേസമയം കോട്ടാംപറമ്പ് മേഖലയില്‍ ഷിഗെല്ല ബാക്ടീരിയ എങ്ങനെ എത്തിയെന്ന് കണ്ടെത്താനായിട്ടില്ല. പ്രദേശത്ത് ഒരാഴ്ചയോളം തുടര്‍പഠനം നടത്തും.ഷിഗെല്ല സോനി ഇനത്തില്‍ പെട്ട ബാക്ടീരിയയാണു രോഗത്തിനു കാരണം. ഇതിന്റെ അളവു കൂടുമ്പോഴാണ് കൂടുതല്‍ ആരോഗ്യ പ്രശ്നങ്ങളുണ്ടാകുന്നത്.കോട്ടാംപറമ്പിൽ 11 വയസ്സുകാരന് മരിച്ചതു ഷിഗെല്ല ബാക്ടീരിയ മൂലമാണെന്ന കണ്ടെത്തലിനു പിന്നാലെയാണ് 6 പേര്‍ക്കു കൂടി രോഗം സ്ഥിരീകരിച്ചത്. മരിച്ച കുട്ടിയുടെ സംസ്കാരത്തില്‍ പങ്കെടുത്തവരായിരുന്നു 6 പേരും.കൂടുതല്‍ പേര്‍ക്ക് രോഗം പകരാതിരിക്കാന്‍ സമീപ പ്രദേശങ്ങളിലെ മുഴുവന്‍ കുടിവെള്ള സ്രോതസുകളും ക്ലോറിനേറ്റ് ചെയ്തു. കുട്ടികള്‍ക്ക് കൂടുതലായി രോഗം കണ്ടെത്തിയതിനാല്‍ ജാഗ്രത നിര്‍ദ്ദേശം കര്‍ശനമാക്കിയിട്ടുണ്ട്. കിണറിലെ വെള്ളം തിളപ്പിച്ച ശേഷം മാത്രമേ ഉപയോഗിക്കാവൂ എന്നും വ്യക്തി ശുചിത്വം നിര്‍ബന്ധമായി പാലിക്കണമെന്നും ആരോഗ്യ വകുപ്പ് നിര്‍ദ്ദേശിച്ചു. പ്രദേശത്ത് കൂടുതല്‍ ആരോഗ്യ പ്രവര്‍ത്തകരെ നിയോഗിക്കാനാണ് ജില്ല മെഡിക്കല്‍ വിഭാഗത്തിന്റെ തീരുമാനം.