ന്യൂഡല്‍ഹി: ഡല്‍ഹി എയിംസില്‍ സമരം ശക്തമാക്കി നഴ്‌സുമാർ.സമരത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ മലയാളി നഴ്‌സുമാര്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്കേറ്റു. സമരക്കാരും പൊലീസ് തമ്മില്‍ ഉണ്ടായ ഉന്തുംതള്ളുമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. പൊലീസ് അപ്രതീക്ഷിതമായി ആശുപത്രിയിലേക്കെത്തുകയും സമരം ചെയ്യുന്ന നഴ്‌സുമാരെ ബലം പ്രയോഗിച്ച് നീക്കം ചെയ്യാന്‍ ശ്രമിക്കുകയുമായിരുന്നു. ഈ സമയം ബാരിക്കേഡുകള്‍ വീണ് നഴ്സുമാര്‍ക്ക് പരിക്കേല്‍ക്കുകയായിരുന്നു.തിങ്കളാഴ്ചയാണ് ആറാം ശമ്പള പരിഷ്‌കരണ കമ്മീഷന്‍ നിര്‍ദ്ദേശിച്ച ശമ്പളം അടക്കമുള്ളവ നല്‍കുക തുടങ്ങിയ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് നഴ്‌സുമാരുടെ സംഘടന ഡല്‍ഹി എയിംസില്‍ സമരം ആരംഭിച്ചത്. തിങ്കളാഴ്ച വൈകിട്ട് നാലുമണിക്ക് ആരംഭിച്ച പണിമുടക്ക് രാത്രിയും തുടര്‍ന്നു. ചൊവ്വാഴ്ച രാവിലെയാണ് അപ്രതീക്ഷിതമായി പൊലീസിന്റെ ഇടപെടല്‍ ഉണ്ടായത്.എയിംസിന്റെ കോംബൗണ്ടിനകത്ത് അനിശ്ചിതകാല സമരമാണ് നഴ്‌സുമാര്‍ പ്രഖ്യാപിച്ചത്. ഒപിയുടെ പ്രവര്‍ത്തനവും ഒപ്പം തന്നെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളും സ്തംഭിപ്പിച്ചുകൊണ്ടാണ് നഴ്‌സുമാര്‍ പണിമുടക്കുന്നത്. 5000 ത്തോളം നഴ്‌സുമാരാണ് എയിംസില്‍ തൊഴിലെടുക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ ചര്‍ച്ച നടത്തി തങ്ങളുടെ ആവശ്യങ്ങള്‍ പരിഗണിക്കാതെ പിന്നോട്ടില്ലെന്ന നിലപാടിലാണ് നഴ്‌സുമാര്‍. ഈ മാസം 16 മുതല്‍ സമരം ആരംഭിക്കാനായിരുന്നു നഴ്‌സുമാരുടെ തീരുമാനം. എന്നാല്‍ സമരത്തെ നേരിടാന്‍ താത്കാലിക ജീവനക്കാരെ നിയമിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചതോടെ നഴ്‌സുമാര്‍ അപ്രതീക്ഷിതമായി സമരരംഗത്തേക്ക് ഇറങ്ങുകയായിരുന്നു.