Kerala, News

പാലാരിവട്ടം പാലം അഴിമതി കേസ്; ഇബ്രാഹിംകുഞ്ഞിന് ജാമ്യമില്ല

keralanews palarivattom bridge scam case no bail for ibrahim kunju

കൊച്ചി:പാലാരിവട്ടം പാലം അഴിമതി കേസില്‍ മുന്‍മന്ത്രി ഇബ്രാഹിം കുഞ്ഞിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. നിലവില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് ഇബ്രാഹിം കുഞ്ഞുള്ളത്. ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ കണക്കിലെടുത്ത് ജാമ്യം അനുവദിക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹരജിയാണ് ഹൈക്കോടതി തള്ളിയത്.ജാമ്യം അനുവദിക്കരുതെന്നും നാല് ദിവസം കൂടി ഇബ്രാഹിം കുഞ്ഞിനെ ചോദ്യം ചെയ്യേണ്ടതുണ്ടെന്നുമായിരുന്നു പ്രോസിക്യൂഷന്റെ നിലപാട്. നിലവില്‍ ഇബ്രാഹിംകുഞ്ഞിനു ആശുപത്രിയില്‍ തുടരാമെന്നും ഡിസ്ചാര്‍ജ് ചെയ്യുന്ന സാഹചര്യം വന്നാല്‍ വീണ്ടും കോടതിയെ സമീപിക്കാമെന്നും ഹൈക്കോടതി പറഞ്ഞു. ആര്‍ഡിഎസിനു കരാര്‍ നല്‍കാന്‍ ഇബ്രാഹിംകുഞ്ഞ് ഉള്‍പ്പെടെയുള്ളവര്‍ തിരുവനന്തപുരത്തു മാസ്‌കറ്റ് ഹോട്ടലില്‍ 2013 ജൂണ്‍ 17 ന് നടന്ന യോഗത്തില്‍ ഗൂഢാലോചന നടത്തിയെന്നായിരുന്നു സര്‍ക്കാരിന്റെ ആരോപണം. മുന്‍കൂര്‍ പണം അനുവദിച്ചതു നിയമവിരുദ്ധമായാണെന്നും അതിനു കരാറില്‍ വ്യവസ്ഥയില്ലെന്നും നിയമവകുപ്പിന്റെ അഭിപ്രായം തേടിയില്ലെന്നും സര്‍ക്കാരിനുവേണ്ടി ഹാജരായ സ്റ്റേറ്റ് അറ്റോര്‍ണി അറിയിച്ചിരുന്നു.കരാറുകാര്‍ക്ക് മുന്‍കൂര്‍ പണം നല്‍കുന്നത് പുതുമയുള്ള കാര്യമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഇബ്രാഹിംകുഞ്ഞ് കോടതിയെ സമീപിച്ചത്. പൊതു തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യം കണക്കാക്കി രാഷ്ട്രീയ പ്രേരിതമായാണ് അറസ്റ്റെന്നും ചൂണ്ടിക്കാട്ടിയിരുന്നു. ശരിയായ നടപടിക്രമങ്ങളിലൂടെ, രണ്ട് ഐഎഎസ് ഉദ്യോഗസ്ഥരുടെ ശുപാര്‍ശയോടെ എത്തിയതിനാലാണു മുന്‍കൂര്‍ തുക നല്‍കാന്‍ അംഗീകാരം കൊടുത്തതെന്നും ഹര്‍ജിയില്‍ പറഞ്ഞിരുന്നു.നവംബര്‍ 18 നാണ് ഇബ്രാഹിംകുഞ്ഞിനെ അറസ്റ്റ് ചെയ്തത്. കൊച്ചിയിലെ ലേക്ക് ഷോര്‍ ആശുപത്രിയില്‍ എത്തിയാണ് ചികിത്സയില്‍ കഴിയുന്ന ഇബ്രാഹിംകുഞ്ഞിന്റെ അറസ്റ്റ് വിജിലന്‍സ് രേഖപ്പെടുത്തിയത്.

Previous ArticleNext Article