Kerala, News

തദ്ദേശ തെരഞ്ഞെടുപ്പ്;മൂന്നാം ഘട്ടത്തിലും കനത്ത പോളിംഗ്;ഉച്ചവരെ അൻപത് ശതമാനത്തിലധികം പേര്‍ വോട്ട് രേഖപ്പെടുത്തി

keralanews local body election heavy poling in third phase more than 50 percentage poling till afternoon

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടത്തിലും കനത്ത പോളിംഗ്.കണ്ണൂർ കാസർകോട്, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളിലാണ് ഇന്ന് വോട്ടിങ് നടക്കുന്നത്.ഉച്ചവരെ 50 ശതമാനത്തിലധികം വോട്ടുകളാണ് എല്ലാ ജില്ലകളിലും രേഖപ്പെടുത്തിയിരിക്കുന്നത്. വോട്ടെടുപ്പ് തുടങ്ങിയ രാവിലെ ഏഴുമണിക്ക് തന്നെ പല പോളിംഗ് ബൂത്തുകള്‍ക്കു മുന്നിലും നീണ്ടനിര രൂപപ്പെട്ടു.. 354 തദ്ദേശ സ്ഥാപനങ്ങളിലെ 6867 വാര്‍ഡുകളിലേക്കാണ് തെരഞ്ഞെടുപ്പ്. 42.87 ലക്ഷം പുരുഷന്‍മാരും 46.87 ലക്ഷം സ്ത്രീകളും 86 ട്രാന്‍സ്‌ജെന്‍ഡേഴ്‌സും അടക്കം 89.74 ലക്ഷം വോട്ടര്‍മാരാണ് മൂന്നാംഘട്ടത്തിലുള്ളത്. മലപ്പുറം ജില്ലയിലാണ് ഉച്ചവരെ ഏറ്റവുമധികം പോളിംഗ് ശതമാനം രേഖപ്പെടുത്തിയത്. ഉച്ചയ്ക്ക് ഒന്നേകാല്‍ വരെ ലഭിച്ച കണക്കുകള്‍ അനുസരിച്ച്‌ മലപ്പുറം 53.26%, കോഴിക്കോട് 52.7%, കണ്ണൂര്‍ 53.24%, കാസര്‍കോട് 52.45% എന്നിങ്ങനെയാണ് പോളിംഗ്. കണ്ണൂര്‍ ജില്ലയിലെ ആന്തൂരിലാണ് നഗരസഭകളിലെ ഏറ്റവും ഉയര്‍ന്ന പോളിംഗ്. മലപ്പുറം ജില്ലയിലെ ഗ്രാമീണ, തീരദേശ ജില്ലകളില്‍ രാവിലെ മുതല്‍ ഉയര്‍ന്ന പോളിംഗ് രേഖപ്പെടുത്തി. കോഴിക്കോട് കണ്ണൂര്‍ കോര്‍പറേഷനുകളില്‍ മറ്റ് സ്ഥലങ്ങളെ അപേക്ഷിച്ച്‌ പോളിംഗ് കുറഞ്ഞു.

മലപ്പുറത്ത് രണ്ടിടത്ത് സംഘര്‍ഷമുണ്ടായെങ്കിലും പൊലീസ് ഇടപെട്ട് പരിഹരിച്ചു. 25 ഇടങ്ങളില്‍ തുടക്കത്തില്‍ വോട്ടിംഗ് യന്ത്രണങ്ങള്‍ തകരാറിലായെങ്കിലും പിന്നീട് പരിഹരിച്ചു.ബേപ്പൂരില്‍ വോട്ട് ചെയ്തിറങ്ങിയ സ്ത്രീ കുഴഞ്ഞുവീണു മരിച്ചു. നഗര മേഖലകളില്‍ പോളിംഗ് കുറഞ്ഞുവെങ്കിലും ഗ്രാമീണ പ്രദേങ്ങളില്‍ കനത്ത പൊളിംഗാണ് ഉച്ചവരെ രേഖപ്പെടുത്തിയത്. കോഴിക്കോട് കോര്‍പറേഷന്‍, കോഴിക്കോട് ജില്ലയിലെ പയ്യോളി പോലുള്ള നഗരസഭകള്‍, കണ്ണൂര്‍ കോര്‍പറേഷന്‍ തുടങ്ങിയ ഇടങ്ങളില്‍ അഞ്ചു മണിക്കൂര്‍ പിന്നിട്ടപ്പോള്‍ പോളിംഗ് നാല്‍പത് ശതമാനത്തിന് താഴെവരെയേ എത്തിയുള്ളൂ. കനത്ത സുരക്ഷാ ക്രമീകരണങ്ങളിലാണ് മൂന്നാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നത്. പ്രശ്നബാധിത ബൂത്തുകള്‍ ഏറ്റവും കൂടുതലുള്ളതും ഈ ഘട്ടത്തിലാണ്. സ്ഥാനാര്‍ഥികളുടെ മരണത്തെ തുടര്‍ന്ന് കോഴിക്കോട് മാവൂര്‍ ഗ്രാമപ്പഞ്ചായത്തിലെ താത്തൂര്‍പൊയ്യില്‍, കണ്ണൂര്‍ ജില്ലാ പഞ്ചായത്തിലെ തില്ലങ്കേരി എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പ് മാറ്റിയിരുന്നു.ഞായറാഴ്ച വൈകിട്ട് മൂന്നുമണി മുതല്‍ തിങ്കളാഴ്ച വോട്ടെടുപ്പ് അവസാനിക്കും വരെ സര്‍ട്ടിഫൈഡ് ലിസ്റ്റില്‍ ഉള്‍പ്പെടുന്ന കോവിഡ് ബാധിതര്‍ക്കും ക്വാറന്റൈനിലാകുന്നവര്‍ക്കും ആരോഗ്യ വകുപ്പിലെ ചുമതലപ്പെട്ട ഹെല്‍ത്ത് ഓഫിസര്‍ നല്‍കുന്ന സാക്ഷ്യപത്രം ഹാജരാക്കി പിപിഇ കിറ്റ് ധരിച്ച്‌ ആറുമണിക്കകം നേരിട്ടെത്തി വോട്ടു ചെയ്യാം. ക്യൂവിലുള്ള മറ്റെല്ലാവരും വോട്ട് ചെയ്തശേഷമായിരിക്കും ഇവര്‍ക്ക് അവസരം.

Previous ArticleNext Article