Kerala, News

തുണി അലക്കികൊണ്ടിരിക്കെ വീട്ടമ്മ മണ്ണിടിഞ്ഞ് കുഴിയിലേക്ക് വീണു;പൊങ്ങിയത് അടുത്ത വീട്ടിലെ കിണറ്റില്‍;സംഭവം നടന്നത് ഇരിക്കൂർ അഴിപ്പുഴയിൽ

keralanews housewife fell into a pit while washing the cloth and found inside well near the house incident happened in irikkur ayipuzha

കണ്ണൂര്‍: വസ്ത്രം അലക്കികൊണ്ടിരിക്കെ പൊടുന്നനെ രൂപപ്പെട്ട കുഴിയിലൂടെ താഴേക്ക് പോയ വീട്ടമ്മയെ പിന്നീട് കണ്ടെത്തിയത് അടുത്ത വീട്ടിലെ കിണറ്റില്‍. ഇന്നലെ ഇരിക്കൂറില്‍ ഉണ്ടായ ഈ സംഭവത്തിന്റെ ഞെട്ടലിലാണ് ഇപ്പോഴും നാട്ടുകാരും വീട്ടുകാരും. കണ്ണൂരിലെ ഇരിക്കൂറില്‍ വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിക്കാണ് ഈ വിചിത്ര സംഭവം നടന്നത്. ഇരിക്കൂര്‍ ആയിപ്പുഴയില്‍ കെ.എ അയൂബിന്റെ ഭാര്യ 42കാരി ഉമൈബയ്ക്കാണ് ഈ പേടിപ്പെടുത്തുന്ന അനുഭവം ഉണ്ടായത്. വീടിന്റെ അടുക്കളയുടെ സമീപത്തുവെച്ച്‌ ഉമൈബ വസ്ത്രങ്ങള്‍ അലക്കിക്കൊണ്ടിരിക്കവേ പെട്ടെന്ന് ഭൂമി താഴ്ന്ന് പോവുകയും വീടിന് പത്ത് മീറ്റര്‍ അകലെയുള്ള അയല്‍വാസിയുടെ കിണറിനടിയിലേക്ക് എത്തുകയുമായിരുന്നു. ഒരു വലിയ തുരങ്കത്തിലൂടെയാണ് കിണറിലേക്ക്പതിച്ചത്. കിണര്‍ ഇരുമ്ബ് ഗ്രില്‍ കൊണ്ട് മൂടിയതായിരുന്നു. വീട്ടുകിണറ്റിനുള്ളില്‍ നിന്നും കരച്ചില്‍ കേട്ട അയല്‍വാസിയായ സ്ത്രീ ഓടിച്ചെന്ന് നോക്കിയപ്പോള്‍ ഉമൈബയെ കാണുകയും ഒച്ചവെച്ച്‌ മറ്റുള്ളവരെ വിളിച്ചുകൂട്ടുകയും ചെയ്തു.നാട്ടുകാര്‍ ചേര്‍ന്ന് മട്ടന്നൂര്‍ പൊലീസിനേയും അഗ്‌നിശമന സേന വിഭാഗത്തേയും അറിയിച്ചതിന് പിന്നാലെ എല്ലാവരും ചേര്‍ന്ന് ഉമൈബയെ പുറത്തെടുക്കുകയായിരുന്നു. ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയില്‍ പ്രഥമ ചികിത്സ നല്‍കിയ ശേഷം കണ്ണൂര്‍ എ.കെ.ജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.25 കോല്‍ ആണ് വീട്ടമ്മ വീണ കിണറിന്റെ ആഴം. ഇവിടേക്കെത്തിയെ പൊലീസും ഫയര്‍ ഫോഴ്സും നടത്തിയ പരിശോധനയില്‍ ഉമൈബയുടെ വീട്ടിലെ കുഴിയില്‍ നിന്നും അടുത്ത വീട്ടിലെ കിണറ്റിലേക്ക് ഒരു തുരങ്കം രൂപപ്പെട്ടതായി കണ്ടെത്തിയിട്ടുണ്ട്. കണ്ണൂരിലെ മലയോര മേഖലകളില്‍ അടുത്ത കാലങ്ങളില്‍ വന്‍ തുരങ്കം രൂപപ്പെട്ട സംഭവം ഉണ്ടായിട്ടുണ്ട്. ചില പ്രദേശങ്ങളില്‍ നിന്നും നാട്ടുകാരെ മാറ്റിപ്പാര്‍പ്പിക്കേണ്ട അവസ്ഥയും ഉണ്ടായിട്ടുണ്ട്.അതേസമയം സോയില്‍ പൈപ്പിങ് എന്ന് പേരുള്ള പ്രതിഭാസമാണ് ഈ സംഭവത്തിന് പിന്നില്‍ എന്നാണ് പ്രാഥമിക നിഗമനം. കനത്ത മഴ പെയ്ത ശേഷം തുരങ്കം രൂപപ്പെടുന്നത് അടക്കമുള്ള സംഭവങ്ങളാണ് ഇത്. ആയിപ്പുഴയിലും സംഭവിച്ചത് ഇതാണെന്നാണ് വിലയിരുത്തല്‍. അതുകൊണ്ട് തന്നെ ഇവിടെ ജിയോളജി വകുപ്പ് അധികൃതരും പരിശോധനക്ക് എത്തും.

Previous ArticleNext Article