ന്യൂഡൽഹി: കര്‍ഷക സംഘടനകള്‍ ആഹ്വാനം ചെയ്ത ഭാരത്ബന്ത് ഇന്ന്.രാജ്യവ്യാപകമായി റോഡുകളും ടോള്‍ പ്ലാസകളും ഉപരോധിക്കും. പൊതുഗതാഗതം, ചരക്കു നീക്കം, ബാങ്കിംഗ് തുടങ്ങിയ മേഖലകളെ ബന്ദ് ബാധിക്കും. തദ്ദേശ തിരഞ്ഞെടുപ്പ് നടക്കുന്നതിനാൽ കേരളത്തെ ബന്ദിൽ ഇന്നും ഒഴിവാക്കിയിട്ടുണ്ട്. അതേസമയം, ക്രമസമാധാനം ഉറപ്പുവരുത്താനും പൊതുമുതല്‍ സംരക്ഷിക്കാനും കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു. കോണ്‍ഗ്രസും സി.പി.എമ്മും അടക്കം 25 രാഷ്ട്രീയകക്ഷികള്‍ പിന്തുണ പ്രഖ്യാപിച്ച ബന്ദിൽ ബി.ജെ.പി സഖ്യകക്ഷികളായ അസം ഗണപരിഷത്, രാജസ്ഥാനിലെ ആര്.എല്‍.പി എന്നിവയും പങ്കെടുക്കുന്നുണ്ട്.പത്തോളം പ്രതിപക്ഷ ട്രേഡ് യൂണിയനുകളും വിവിധ വിദ്യാര്‍ത്ഥി സംഘടനകളും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. സംഘപരിവാര്‍ സംഘടനയായ ഭാരതീയ കിസാന്‍ സംഘ് പങ്കെടുക്കില്ല. കോണ്‍ഫെഡറേഷന്‍ ഒഫ് ഓള് ഇന്ത്യ ട്രേഡേഴ്സും പിന്തുണയ്ക്കില്ലെന്ന് വ്യക്തമാക്കി. പ്രശ്നപരിഹാരത്തിനായി കേന്ദ്രസര്‍ക്കാര്‍ നാളെ കര്‍ഷക നേതാക്കളുമായി ആറാം വട്ട ചര്‍ച്ച നടത്തും. അതിനു മുന്‍പ് പ്രശ്നപരിഹാരത്തിനുള്ള നിര്‍ദ്ദേശം രേഖാമൂലം കര്‍ഷക സംഘടനകള്‍ക്ക് കൈമാറും.നിയമത്തില്‍ ചില ഭേദഗതികള്‍ വരുത്താമെന്ന് നേരത്തെ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ പിന്‍വലിക്കുകയാണ് വേണ്ടതെന്ന കടുംപിടുത്തത്തിലാണ് കര്‍ഷകര്‍. താങ്ങുവില എടുത്ത് കളയുന്ന നയങ്ങളാണ് സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായതെന്നാണ് കര്‍ഷകര്‍ ആരോപിക്കുന്നത്.