തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ അഞ്ച് ജില്ലകളില്‍ വോട്ടെടുപ്പ് തുടങ്ങി. പല ബൂത്തുകളിലും വോട്ടര്‍മാരുടെ നീണ്ട ക്യൂവാണ് കാണപ്പെടുന്നത്.തിരുവനന്തപുരം 10.41 ശതമാനം, കൊല്ലം 11.39 ശതമാനം, ആലപ്പുഴ 11.62 ശതമാനം, പത്തനംതിട്ട 11.96 ശതമാനം, ഇടുക്കി 11.29 ശതമാനം എന്നിങ്ങനെയാണ് ജില്ലകളിലെ ആദ്യ ഒന്നര മണിക്കൂറിനുള്ളിലെ പോളിങ് ശതമാനം. രാവിലെ ഏഴു മുതല്‍ വൈകുന്നേരം ആറു വരെയാണ് വോട്ടെടുപ്പു നടക്കുക. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലെ 395 തദ്ദേശസ്ഥാപനങ്ങളിലെ 6,911 വാര്‍ഡുകളിലേക്കാണ് വോട്ടെടുപ്പു നടക്കുന്നത്. ആകെ 88,26,620 വോട്ടര്‍മാരാണ് ഈ അഞ്ചു ജില്ലകളിലുള്ളത്. ഇതില്‍ 42,530 പേര് കന്നിവോട്ടര്‍മാരാണ്. 11,225 പോളിംഗ് ബൂത്തുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി 56,122 ഉദ്യോഗസ്ഥരെയും വിന്യസിച്ചിട്ടുണ്ട്.കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് വോട്ടെടുപ്പ് പുരോഗമിക്കുന്നത്.കോവിഡിന്റെ പശ്ചാത്തലത്തില്‍ പോളിംഗ് ബൂത്തില്‍ പ്രവേശിക്കുന്പോഴും പുറത്തു പോകുമ്പോഴും സാനിറ്റൈസര്‍ നല്‍കുന്നതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. തപാല്‍ വോട്ടിന് അവസരം ലഭിക്കാത്ത കോവിഡ് രോഗികള്‍ക്കും ക്വാറന്റൈനിൽ കഴിയുന്നവര്‍ക്കും വോട്ടിംഗിന്റെ അവസാനമണിക്കൂറില്‍ വോട്ട് ചെയ്യാം.രണ്ടാം ഘട്ട വോട്ടെടുപ്പു നടക്കുന്ന കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, വയനാട് ജില്ലകളില്‍ ചൊവ്വാഴ്ച പരസ്യപ്രചാരണം അവസാനിക്കും. വ്യാഴാഴ്ചയാണ് ഇവിടെ വോട്ടെടുപ്പ്.