മുംബൈ:ഫൈസറിനു പിന്നാലെ രാജ്യത്ത് കോവിഡ് വാക്‌സിന്‍ അടിയന്തിര ഉപയോഗത്തിന് അനുമതി തേടി പൂനെയിലെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ. കോവിഡ് സാഹചര്യം പരിഗണിച്ചും ജനനന്മ കണക്കിലെടുത്തും വാക്‌സിന്‍ അടിയന്തരമായി ഉപയോഗിക്കാന്‍ അനുവദിക്കണമെന്നാണ് ആവശ്യം. വാക്‌സിന്റെ നാല് കോടി ഡോസ് തയ്യാറാണെന്നും ഡ്രഗ് കണ്‍ട്രോള്‍ ജനറലിന് നല്‍കിയ അപേക്ഷയില്‍ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് അറിയിച്ചു. ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് പിടിഐയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.വാക്‌സിന്‍ വിതരണത്തിന് അനുമതി തേടുന്ന ആദ്യ ഇന്ത്യന്‍ കമ്പനിയാണ് സിറം ഇന്‍സ്റ്റിറ്റ്യൂട്ട്.ഓക്‌സ്ഫഡ് സര്‍വകലാശാലയും ബ്രിട്ടീഷ് കമ്പനിയായ ആസ്ട്രസെനക്കയും ചേര്‍ന്ന് വികസിപ്പിച്ച കൊവിഷീല്‍ഡ് വാക്‌സിന്‍ ഇന്ത്യയില്‍ ഉപയോഗിക്കാനാണ് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് അനുമതി തേടിയിരിക്കുന്നത്.വാക്‌സിന്‍ വ്യാവസായികമായി ഉല്‍പാദിപ്പിക്കുന്ന സിറം ഇന്‍സ്റ്റിറ്റ്യൂട്ട് വാക്‌സിന്റെ മൂന്നാം ഘട്ട പരീക്ഷണങ്ങള്‍ നടത്തിവരികയാണ്. യുകെ, ബ്രസീല്‍ ഉള്‍പ്പെടെ രാജ്യങ്ങളിലും ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ നടക്കുന്നുണ്ട്. ഐസിഎംആറിന്റെ സഹകരണത്തോടെ ഇന്ത്യയില്‍ നടത്തുന്ന 2, 3 ഘട്ടം ക്ലിനിക്കല്‍ പരീക്ഷണങ്ങളുടെ ഫലത്തിന്റെ അടിസ്ഥാനത്തില്‍ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍മിക്കുന്ന വാക്‌സിന്‍ നേരത്തെ തന്നെ ഇന്ത്യയില്‍ ലഭ്യമാകുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഡിജിസിഐയില്‍ നിന്ന് ഉപാധികളോടെ നേടിയ ലൈസന്‍സ് ഉപയോഗിച്ച് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് നാല് കോടി ഡോസ് വാക്‌സിന്‍ ഉത്പാദിപ്പിച്ചിട്ടുണ്ടെന്നാണ് ഐസിഎംആര്‍ പറയുന്നത്. പരിശോധനയ്ക്കായി കമ്പനി ഡോസ് കൊവിഷീല്‍ഡ് വാക്‌സിന്‍ കസൗലിയിലെ സെന്‍ട്രല്‍ ഡ്രഗ്‌സ് ഫാക്ടറിയിലേയ്ക്കും അയച്ചിട്ടുണ്ട്. ഇന്നലെയാണ് അടിയന്തിര ഘട്ടത്തില്‍ വാക്‌സിന്‍ ഉപയോഗിക്കാന്‍ അനുമതി തേടി യുഎസ് കമ്പനിയായ ഫൈസര്‍ ഡ്രഗ് കണ്‍ട്രോള്‍ ജനറലിന് അപേക്ഷ നല്‍കിയത്. കോവിഡ് വാക്‌സിന്‍ ഉപയോഗത്തിന് അനുമതി തേടുന്ന ആദ്യ കമ്പനി കൂടിയായിരുന്നു ഫൈസര്‍. യുകെ, ബഹ്‌റൈന്‍ എന്നീ രാജ്യങ്ങള്‍ അനുമതി നല്‍കിയതിനു പിന്നാലെയായിരുന്നു ഫൈസര്‍ ഇന്ത്യന്‍ സര്‍ക്കാരിനെ സമീപിച്ചത്.