Kerala, News

തദ്ദേശ തിരഞ്ഞെടുപ്പ്;കണ്ണൂരില്‍ 785 പ്രശ്നസാധ്യതാ ബൂത്തുകളില്‍ വെബ് കാസ്റ്റ് സംവിധാനം ഏർപ്പെടുത്തും

keralanews local body election webcast in 785 booths in kannur

കണ്ണൂർ:തദ്ദേശ തിരഞ്ഞെടുപ്പില്‍ ജില്ലയിലെ 785 ബൂത്തുകളില്‍ വെബ് കാസ്റ്റ് സംവിധാനം ഏർപ്പെടുത്തും.പ്രശ്ന സാധ്യതാ ബൂത്തുകളായി പോലിസ് നല്‍കിയ പട്ടികയനുസരിച്ച്‌ തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനപ്രകാരമാണിത്.എല്‍ആര്‍ ഡെപ്യൂട്ടി കലക്ടര്‍ സി മുഹമ്മദ് ഷെഫീഖ് നോഡല്‍ ഓഫിസറായ ടീമിനാണ് വെബ്കാസ്റ്റിന്റെ ചുമതല. കെല്‍ട്രോണ്‍, ഐടി സെല്‍, ഐകെഎം എന്നിവയുടെ സാങ്കേതിക സഹായത്തോടെയാണ് വെബ്കാസ്റ്റ് ഒരുക്കുക.ജില്ലാ പഞ്ചായത്ത് ഹാളില്‍ പ്രത്യേക കണ്‍ട്രോള്‍റൂം ഒരുക്കിയാണ് വെബ്കാസ്റ്റ് നടപ്പാക്കുക. ഇതിനായി 40 മോണിറ്ററുകള്‍ സ്ഥാപിക്കും. വോട്ടെടുപ്പ് ദിവസം രാവിലെ അഞ്ചുമുതല്‍ വൈകീട്ട് വോട്ടെടുപ്പ് അവസാനിക്കുന്നതുവരെയാണ് വെബ്കാസ്റ്റ് ചെയ്യുക. വിഷ്വലുകള്‍ ഹാര്‍ഡ് ഡിസ്‌കില്‍ റെക്കോര്‍ഡ് ചെയ്യും. നെറ്റ് വര്‍ക്ക് വഴി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആസ്ഥാനത്ത് കൈമാറും. പോലിസ്, റവന്യൂ ഉദ്യോഗസ്ഥര്‍ എന്നിവരടങ്ങിയ പ്രത്യേക ടീം വെബ്കാസ്റ്റ് നിരീക്ഷിക്കും. വെബ്കാസ്റ്റിനാവശ്യമായ മറ്റ് സൗകര്യങ്ങള്‍ ലഭ്യമാക്കുന്നതിന് കെഎസ്‌ഇബി, ബിഎസ്‌എന്‍എല്‍ ഉദ്യോഗസ്ഥരുടെ സഹായവും തേടും.വെബ്കാസ്റ്റിങ്ങിന് പുറമെ റിട്ടേണിങ് ഓഫിസര്‍മാര്‍, പോലിസ് എന്നിവരുടെ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആവശ്യമുള്ള മറ്റ് ബൂത്തുകളില്‍ വീഡിയോ കവറേജ് സംവിധാനവും ഏര്‍പ്പെടുത്തും. ഇക്കാര്യത്തില്‍ ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ ജില്ലാ കലക്ടര്‍ പരിശോധിച്ച്‌ തീരുമാനമെടുക്കും. രാഷ്ട്രീയ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടാല്‍ അവരുടെ ചെലവില്‍ വീഡിയോ കവറേജിനുള്ള സൗകര്യവും ഒരുക്കും. 3700 രൂപയാണ് ഇതിനായി അടയ്‌ക്കേണ്ടത്. ഈ തുക ജില്ലാ കലക്ടറുടെ പേരില്‍ ഡിമാന്റ് ഡ്രാഫ്റ്റായി കലക്ടറേറ്റില്‍ അടക്കണം. വീഡിയോ കവറേജിനുള്ള രാഷ്ട്രീയ പാര്‍ട്ടികളുടെ അപേക്ഷ ഡിസംബര്‍ അഞ്ചുവരെ സ്വീകരിക്കും.

Previous ArticleNext Article