Kerala, News

ബുറെവി ചുഴലിക്കാറ്റ്;തിരുവനന്തപുരം ജില്ലയില്‍ ആരും അനാവശ്യമായി വീടിന് പുറത്തിറങ്ങരുതെന്ന് കലക്ടറുടെ മുന്നറിയിപ്പ്

keralanews burevi cyclone collector issued high alert in thiruvananthapuram district

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ബുറെവി ചുഴലിക്കാറ്റ് അടുത്ത 48 മണിക്കൂറിനുള്ളില്‍ തിരുവനന്തപുരം ജില്ലയിലൂടെ കടന്നു പോയേക്കുമെന്ന് മുന്നറിയിപ്പ്.ആരും അനാവശ്യമായി വീടിന് പുറത്തിറങ്ങരുതെന്നും അതീവജാഗ്രത പാലിക്കണമെന്നും ജില്ല കളക്‌ടര്‍ നവ്ജ്യോത് ഖോസ പറഞ്ഞു.ഇനിയൊരറിയിപ്പുണ്ടാകും വരെ കടലിലോ ജലാശയങ്ങളിലോ ഇറങ്ങരുത്. കളക്ടറേറ്റില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം ആരംഭിച്ചതായും നവ്ജ്യോത് ഖോസ അറിയിച്ചു. അടിയന്തര ഘട്ടങ്ങളില്‍ 1077 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്. തിരുവനന്തപുരം ജില്ലയുടെ തെക്കേയറ്റത്തുകൂടി ചുഴലിക്കാറ്റ് കടന്നുപോകുമെന്നാണ് കാലാവസ്ഥാ ശാസ്ത്രജ്ഞരുടെ കണക്കുകൂട്ടല്‍. വ്യാഴാഴ്ച രാത്രിയോടെയോ വെള്ളിയാഴ്ച പുലര്‍ച്ചെക്കോ ബുറെവി കേരളത്തിലൂടെ പോകും.ഇപ്പോഴുള്ള കാലാവസ്ഥാ മുന്നറിയിപ്പനുസരിച്ച്‌ മണിക്കൂറില്‍ 90 കിലോമീറ്റര്‍ വരെ വേഗതയുള്ള കാറ്റിനും അതിശക്തമായ മഴക്കും സാധ്യതയുണ്ട്.തിരുവനന്തപുരം ജില്ലയിലെ 43 വില്ലേജുകളില്‍ പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് അതിശക്തമായ മഴ പ്രതീക്ഷിക്കുന്നത്. ആലപ്പുഴ, കോട്ടയം, എറണാകുളം , തൃശൂര്‍, പാലക്കാട് ജില്ലകളിലും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.തെക്കന്‍കേരളത്തിനൊപ്പം മധ്യകേരളത്തിലും വരുന്ന മണിക്കൂറുകളില്‍ ശക്തമായ മഴകിട്ടും.തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ റെഡ് അലര്‍ട്ടാണ്. ദേശീയ ദുരന്തനിവാരണ സേനയെ എല്ലാ തെക്കന്‍ജില്ലകളിലും ഇടുക്കിയിലും വിന്യസിച്ചു.

Previous ArticleNext Article