Kerala, News

ബുറേവി ചുഴലിക്കാറ്റ് ശ്രീലങ്കൻ തീരത്തേക്ക്;നാളെ ഉച്ചയോടെ കേരളത്തിലെത്തും;അതീവ ജാഗ്രതാ നിർദേശം

keralanews cyclone burevi hits sri lankan coast reach kerala tomorrow high alert issued

തിരുവനന്തപുരം:ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം ബുറേവി ചുഴലിക്കാറ്റായി ഇന്ന് ശ്രീലങ്കന്‍ തീരത്തെത്തിയേക്കും.ഇന്ന് വൈകീട്ടോടെ ബുറേവി ലങ്കന്‍ തീരം കടക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ കണക്കുകൂട്ടല്‍.ബംഗാള്‍ ഉള്‍ക്കടലില്‍ നിന്നും തെക്കേ ഇന്ത്യന്‍ മുനമ്പിലേക്ക് നീങ്ങുന്ന ബുറെവി ചുഴലിക്കാറ്റ് ഇന്ന് രാത്രിയോടെ ശ്രീലങ്കയില്‍ പ്രവേശിക്കും എന്നാണ് കണക്ക്കൂട്ടല്‍.ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ തെക്കന്‍ കേരളം തെക്കന്‍ തമിഴ്‌നാട് തീരങ്ങള്‍ക്ക് കേന്ദ്ര കാലാവസ്ഥ വകുപ്പ് ജാഗ്രതാ നിര്‍ദേശം നല്‍കി.നാളെ ശ്രീലങ്കയും കടന്ന് തമിഴ്‌നാട് തീരത്തേക്ക് കാറ്റ് അടുക്കുന്നതോടെയാണ് കേരളത്തില്‍ ബുറെവിയുടെ സ്വാധീനം ആരംഭിക്കുക.നാളെ ഉച്ചമുതല്‍ മറ്റന്നാള്‍ ഉച്ചവരെ തെക്കന്‍ ജില്ലകളില്‍ അതീവ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ വിദഗ്ദ്ധര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.ശ്രീലങ്കന്‍ തീരത്തെത്തുമ്പോൾ കാറ്റിന്റെ പരമാവധി വേഗത മണിക്കൂറില്‍ ഏകദേശം 75 മുതല്‍ 85 കിമീ വരെ ആയിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.വ്യാഴാഴ്ചയോടെ ഗള്‍ഫ് ഓഫ് മാന്നാറില്‍ എത്തുകയും വെള്ളിയാഴ്ച പുലര്‍ച്ചെയോടെ കന്യാകുമാരിയുടെയും പാമ്പാന്റെയും ഇടയിലൂടെ തെക്കന്‍ തമിഴ്‌നാട് തീരത്തേക്ക് പ്രവേശിക്കുകയും ചെയ്യുമെന്നാണ് പ്രവചനം.നിലവില്‍ 11 കിലോമീറ്റര്‍ വേഗതയിലാണ് ബുറെവി ചുഴലിക്കാറ്റ് മുന്നോട്ട് നീങ്ങുന്നത്. തമിഴ്‌നാട്ടിലെ ട്രിങ്കോമാലിക്ക് 330 കിലോമീറ്ററും കന്യാകുമാരിക്ക് 740 കിലോമീറ്ററും അകലെയായിട്ടാണ് ചുഴലിക്കാറ്റിന്റെ സാന്നിധ്യം. തിരുവനന്തപുരം മുതല്‍ പാലക്കാട് വരെയുള്ള ജില്ലകളിലാണ് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുള്ളത്. ഈ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. തെക്കന്‍ ജില്ലകളില്‍ പ്രത്യേകിച്ചും കനത്ത മഴയ്ക്കും കാറ്റിനും ബുറെവി വഴി തുറക്കും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ നാളെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.പരമാവധി 95 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റിനും കടല്‍ക്ഷോഭത്തിനും സാധ്യതയുണ്ട്.ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ കേരള തീരത്തുനിന്നു കടലില്‍ പോകുന്നതു പൂര്‍ണമായും നിരോധിച്ചു. വിലക്ക് എല്ലാതരം മല്‍സ്യബന്ധന യാനങ്ങള്‍ക്കും ബാധകമായിരിക്കും. നിലവില്‍ മല്‍സ്യബന്ധനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ എത്രയും പെട്ടെന്ന് ഏറ്റവും അടുത്തുള്ള സുരക്ഷിതതീരത്ത് എത്തിച്ചേരണം. പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും ദുരന്ത നിവാരണ അതോറിറ്റി ആവശ്യപ്പെട്ടു.തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ ഡിസംബര്‍ 3ന് റെഡ് അലര്‍ട്ടായിരിക്കും. ഇതേദിവസം കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും ഉണ്ട്. കക്കി ഡാം, കല്ലട ഡാം, നെയ്യാര്‍ റിസര്‍വ്വോയര്‍ എന്നിവിടങ്ങളില്‍ പരമാവധി ജാഗ്രത പാലിക്കാന്‍ കേന്ദ്ര ജല കമ്മീഷന്‍ മുന്നറിയിപ്പ് നല്‍കി. ശബരിമല തീര്‍ത്ഥാടന കാലം കണക്കിലെടുത്ത് മണിമലയാറ്റിലും അച്ചന്‍കോവില്‍ ആറ്റിലും പമ്പയിലും ജാഗ്രതയ്ക്ക് നിര്‍ദേശം നല്‍കിയിട്ടുമുണ്ട്.

Previous ArticleNext Article