Kerala, News

ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റാവാന്‍ സാധ്യത;സംസ്ഥാനത്ത് ജാഗ്രതാ നിർദേശം;നാളെ അര്‍ധരാത്രി മുതല്‍ മല്‍സ്യത്തൊഴിലാളികള്‍ കടലില്‍ പോവുന്നത് നിരോധിച്ചു

keralanews low pressure turns to cyclone alert in kerala fisherman do not go for fishing from today midnight

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റാവാന്‍ സാധ്യതയുള്ളതിനാല്‍ നാളെ അര്‍ധരാത്രി മുതല്‍ കേരള തീരത്തുനിന്ന് മല്‍സ്യത്തൊഴിലാളികള്‍ കടലില്‍ പോവുന്നത് പൂര്‍ണമായും നിരോധിച്ചു. ഡിസംബര്‍ 1 മുതല്‍ കടല്‍ അതിപ്രക്ഷുബ്ധമാകുവാന്‍ സാധ്യതയുള്ളതിനാല്‍ നിലവില്‍ മല്‍സ്യബന്ധനത്തിന് പോയിട്ടുള്ളവര്‍ നവംബര്‍ 30 അര്‍ധരാത്രിയോടെ ഏറ്റവും അടുത്തുള്ള സുരക്ഷിതതീരത്ത് എത്തേണ്ടതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശിച്ചു. ന്യൂനമര്‍ദത്തിന്റെ സ്വാധീനം മൂലം തെക്കന്‍ കേരളത്തില്‍ കനത്ത മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
ഇതേ തുടർന്ന്  പൊതുജനങ്ങളോട് ജാഗ്രത പാലിക്കാനും സര്‍ക്കാര്‍ സംവിധാനങ്ങളോട് തയ്യാറെടുപ്പുകള്‍ പൂര്‍ത്തീകരിക്കാനും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശിച്ചിരിക്കുകയാണ്. നിലവില്‍ കാലവസ്ഥാ മോഡലുകളുടെ സൂചന അനുസരിച്ച്‌ തിരുവനന്തപുരം, കൊല്ലം എന്നീ ജില്ലകളിലാണ് അതീവ ജാഗ്രത ആവശ്യമുള്ളത്. എന്നിരുന്നാലും തിരുവനന്തപുരം മുതല്‍ എറണാകുളം വരെ ജാഗ്രത പാലിക്കണമെന്നും ഇനിയുള്ള മുന്നറിയിപ്പുകള്‍ ശ്രദ്ധയോടെ വീക്ഷിക്കണമെന്നും നിര്‍ദേശിക്കുന്നു. ശക്തമായ കാറ്റിന് സാധ്യത പ്രതീക്ഷിക്കുന്നതിനാല്‍ ശക്തമായ മേല്‍ക്കൂരയില്ലാത്ത വീടുകളില്‍ താമസിക്കുന്നവരും മുകളില്‍ ഷീറ്റ് പാകിയവരും അവ അടിയന്തരമായി ബലപ്പെടുത്താന്‍ ശ്രമിക്കേണ്ടതാണ്. കാറ്റ് ശക്തമാവുന്ന സാഹചര്യത്തില്‍ ഡിസംബര്‍ 2 നോട് കൂടി തന്നെ ദുരിതാശ്വാസ ക്യാമ്പുകൾ ആരംഭിക്കാന്‍ തയ്യാറെടുക്കുവാന്‍ റവന്യൂ, തദ്ദേശ വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.അപകടാവസ്ഥകള്‍ 1077 എന്ന നമ്പറിൽ അധികൃതരുടെ ശ്രദ്ധയില്‍പെടുത്തണം. അതിതീവ്ര മഴ സാധ്യതയും പ്രവചിക്കപ്പെട്ടിരിക്കുന്നതിനാല്‍ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറാനും നഗരങ്ങളില്‍ വെള്ളക്കെട്ട് രൂപപ്പെടാനും സാധ്യതയുണ്ട്. കനത്ത മഴ മലയോര മേഖലയെയും ബാധിച്ചേക്കാം എന്നതുകൊണ്ട് തന്നെ തെക്കന്‍ കേരളത്തിലെ മലയോര മേഖലയിലുള്ളവരും ജാഗ്രതപാലിക്കണം.

Previous ArticleNext Article