Kerala, News

സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നേരിട്ടുള്ള താത്കാലിക നിയമനത്തിന് വിലക്ക്; പിഎസ്‌സി ലിസ്റ്റ് നിലവിലില്ലെങ്കില്‍ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് വഴി നിയമനം നടത്തണം

keralanews banned direct temporary appointment in government institutions if the psc list does not exist appointment should made through employment exchange

തിരുവനന്തപുരം:സര്‍ക്കാര്‍ വകുപ്പുകളിലും പൊതുമേഖലാ സ്ഥാപനങ്ങളിലും നേരിട്ട് താത്കാലിക നിയമനം നടത്തുന്നത് സര്‍ക്കാര്‍ വിലക്കി. പിഎസ്‌സി ലിസ്റ്റ് നിലവിലില്ലെങ്കില്‍ താത്കാലിക നിയമനം എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി മാത്രമേ നടത്താവൂ എന്നാണ് സര്‍ക്കാര്‍ നിര്‍ദേശം. നേരിട്ട് താത്കാലിക നിയമനം നടത്തിയവരെ പിരിച്ചുവിടാനും നിര്‍ദേശിച്ചു. ആദ്യപടിയായി അനധികൃതമായി നിയമിച്ച താത്കാലിക ഡ്രൈവര്‍മാരെ പിരിച്ചുവിടാന്‍ ജില്ലാ എംപ്ലോയ്മെന്റ് ഓഫീസര്‍ വകുപ്പ് മേധാവികള്‍ക്ക് നോട്ടീസ് നല്‍കി.പിരിച്ചുവിട്ട ഡ്രൈവര്‍മാരുടെ ഒഴിവുകള്‍ അടിയന്തരമായി എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ അറിയിക്കണമെന്നും ജില്ലാ എംപ്ലോയ്മെന്റ് ഓഫീസര്‍ വകുപ്പ് മേധാവികള്‍ക്ക് കത്ത് നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ അനധികൃത നിയമനം നേടിയ ഡ്രൈവര്‍മാരുടെ പട്ടിക തയാറാക്കാനും തുടര്‍ നടപടികള്‍ക്കും വകുപ്പുകളും നടപടി തുടങ്ങി.സര്‍ക്കാര്‍ വകുപ്പുകളും അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങളും നേരിട്ട് താത്കാലിക നിയമനം നടത്തുന്നത് വിലക്കി.ഒഴിവുകളില്‍ നേരിട്ട് നിയമനം നടത്തുന്നതിലൂടെ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ പേര് രജിസ്റ്റര്‍ ചെയ്തു വര്‍ഷങ്ങളായി ജോലിക്ക് കാത്തിരിക്കുന്നവര്‍ക്ക് തൊഴില്‍ ലഭിക്കാതെ വരുന്നു. കൂടാതെ അനധികൃത നിയമനങ്ങള്‍ സംവരണ തത്വം അട്ടിമറിക്കുകയും സംവരണ സമുദായങ്ങള്‍ക്ക് ലഭിക്കേണ്ട തൊഴിലവസരങ്ങള്‍ നഷ്ടപ്പെടുത്തുകയും ചെയ്യുന്നു.പിഎസ്‌സിയുടെ നിയമന പരിധിയില്‍പ്പെടാത്ത സ്ഥാപനങ്ങളില്‍ നിര്‍ബന്ധമായും എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴിയായിരിക്കണം നിയമനമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

Previous ArticleNext Article