Kerala, News

പോലീസ് സ്റ്റേഷനിൽ പരാതിയുമായി എത്തിയ അച്ഛനോടും മകളോടും അപമര്യാദയായി പെരുമാറി; എ.എസ്.ഐയെ സ്ഥലംമാറ്റി

keralanews case of insulting father and daughter neyyardam police got transfer

തിരുവനന്തപുരം:കാട്ടാക്കട നെയ്യാര്‍ഡാം പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കാന്‍ എത്തിയ അച്ഛനെയും മകളെയും അധിക്ഷേപിച്ച സംഭവത്തിൽ പോലീസ് ഉദ്യോഗസ്ഥനെ സ്ഥലംമാറ്റി. നെയ്യാര്‍ഡാം പൊലീസ് സ്റ്റേഷനിലെ എ.എസ്.ഐ ഗോപകുമാറിനെയാണ് ഇടുക്കിയിലേക്കു സ്ഥലം മാറ്റിയത്. പോലീസ് സ്റ്റേഷനില്‍ നടന്ന ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചതിനു പിന്നാലെയാണ് നടപടി. സംഭവത്തെക്കുറിച്ച്‌ അന്വേഷിച്ച്‌ രണ്ടു ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ സംസ്ഥാന പോലീസ് മേധാവി ഉത്തരവിട്ടു. തിരുവനന്തപുരം റേഞ്ച് ഡി.ഐ.ജി.ക്കാണ് അന്വേഷണ ചുമതല. സംഭവത്തില്‍ പോലീസിനു ഗുരുതരവീഴ്ച ഉണ്ടായി എന്നാണ് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയതെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ പറഞ്ഞു. നെയ്യാര്‍ഡാം പോലീസ് സ്റ്റേഷനില്‍ നില്‍ക്കുന്ന പിതാവിനോടും മകളോടും പരുഷമായ രീതിയില്‍ പെരുമാറുകയും ഇറക്കിവിടുകയും ചെയ്യുന്ന ദൃശ്യമാണ് സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചത്.കഴിഞ്ഞ ദിവസമാണ് നടപടിയ്ക്ക് ആസ്പതമായ സംഭവം നടന്നത്. നെയ്യാര്‍ഡാം പള്ളിവേട്ട സ്വദേശിയായ സുദേവന്റെ മകളെ കാണാതായതുമായി ബന്ധപ്പെട്ട് പരാതിയുണ്ടായിരുന്നു. പരാതിയില്‍ പോലീസ് അന്വേഷണം നടത്തുകയും പെണ്‍കുട്ടിയെ കണ്ടെത്തുകയും ചെയ്തു.തുടര്‍ന്ന് ആരോ ഭീഷണിപ്പെടുത്തുന്നതായുള്ള പരാതിയുമായി വീണ്ടും പോലീസ് സ്റ്റേഷനിലെത്തിയ സുദേവനോടും കൂടെയുണ്ടായിരുന്ന മകളോടും ഉദ്യോഗസ്ഥന്‍ മോശമായി സംസാരിക്കുന്നതാണ് ദൃശ്യങ്ങളില്‍ ഉള്ളത്.പരാതി സ്വീകരിക്കാന്‍ കഴിയില്ലെന്നാണ് എഎസ്‌ഐ ഗോപകുമാര്‍ ആക്രോശിച്ചത്. നീ മദ്യപിച്ചിട്ടാണ് ഇവിടെ എത്തിയതെന്ന് ആരോപിച്ചാണ് അതിക്രമം അരങ്ങേറിയത്. പിതാവ് മദ്യപിക്കില്ലെന്ന് ഒപ്പമുണ്ടായിരുന്ന മകള്‍ പറഞ്ഞെങ്കിലും ഈ വാദം കേള്‍ക്കാന്‍ പൊലീസ് ഉദ്യോഗസ്ഥന്‍ തയ്യാറായില്ല. ജീവിതത്തില്‍ താന്‍ മദ്യപിച്ചിട്ടില്ല.സാറിന് വേണമെങ്കില്‍ ഊതിപ്പിക്കാം എന്ന് പെണ്‍കുട്ടി പറഞ്ഞതോടെ നിന്റെ തന്തയെ ഊതിപ്പിക്കാനല്ല ഞാന്‍ ഇവിടെ ഇരിക്കുന്നതെന്ന് പൊലീസുകാരന്റെ മറുപടി. പരാതി പറയാന്‍ എത്തുന്നവരോട് ഇങ്ങനെയാണോ പെരുമാറുന്നത് സാറെ എന്ന് ‌ചോദിക്കുമ്പോൾ ഇവിടുത്തെ രീതി ഇങ്ങനെയാണ് എന്ന് എഎസ്‌ഐ ഗോപകുമാര്‍ പറയുന്നുണ്ട്. പരാതിക്കാരോടു മോശമായി പെരുമാറിയതായി വീഡിയോ ദൃശ്യങ്ങളില്‍നിന്നുതന്നെ വ്യക്തമായിരുന്നു. ഒരു സ്ത്രീ കൂടെയുണ്ടായിരുന്നു എന്നത് സംഭവത്തെ ഗൗരവമുള്ളതാക്കുന്നു. 24 നാണ് സംഭവം നടക്കുന്നത്. എന്‍.എസ് ജി പരിശീലനം നേടിയ പൊലീസ് ഉദ്യോഗസ്ഥനാണ് ഗോപകുമാര്‍.

Previous ArticleNext Article