കൊച്ചി:പാലാരിവട്ടം മേല്‍പാലം അഴിമതിക്കേസില്‍ വിജിലന്‍സ് അറസ്റ്റ് ചെയ്ത മുന്‍ മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിന്റെ ജാമ്യാപേക്ഷ മൂവാറ്റുപുഴ വിജിലന്‍സ് കോടതി തള്ളി. അന്വേഷണ സംഘത്തിന് കസ്റ്റഡിയില്‍ നല്‍കില്ലെന്ന തീരുമാനത്തില്‍ മാറ്റമില്ല.അതേസമയം ഒരു ദിവസം ചോദ്യം ചെയ്യാന്‍ വിജിലന്‍സിനെ കോടതി അനുവദിച്ചു. ഈ മാസം 30നാണ് ഇബ്രാഹിംകുഞ്ഞിനെ ചോദ്യം ചെയ്യാന്‍ അനുമതി നല്‍കിയിരിക്കുന്നത്. ഏഴ് നിബന്ധനകള്‍ പാലിച്ച് മാത്രമേ ചോദ്യം ചെയ്യാനാകൂ. അഞ്ചു മണിക്കൂര്‍ ആശുപത്രിയില്‍ ചോദ്യം ചെയ്യുന്നതിനാണ് അന്വേഷണ സംഘത്തിന് അനുമതി നല്‍കിയത്.ആശുപത്രിയില്‍ രാവിലെ ഒമ്ബതുമണി മുതല്‍ 12 മണി വരെയും വൈകിട്ട് മൂന്നുമണി മുതല്‍ അഞ്ചുമണി വരെയും ചോദ്യം ചെയ്യാനാണ് കോടതി അനുവദിച്ചിരിക്കുന്നത്. ഓരോ മണിക്കൂറിലും 15 മിനിറ്റ് ഇടവേള നല്‍കണം. ഉദ്യോഗസ്ഥര്‍ കോവിഡ് പരിശോധന നടത്തി രോഗമില്ലെന്ന് സ്ഥിരീകരിച്ച ശേഷം വേണം ചോദ്യം ചെയ്യാന്‍ എത്തേണ്ടത്.മൂന്നുപേര്‍ മാത്രമേ ചോദ്യം ചെയ്യുന്ന സംഘത്തില്‍ ഉണ്ടാകാവൂ എന്നും നിബന്ധനയുണ്ട്. ചോദ്യം ചെയ്യലിനിടെ മാനസികമായോ ശാരീരികമായോ പീഡിപ്പിക്കാന്‍ പാടില്ല. കോടതി ഉത്തരവിന്റെ പകര്‍പ്പ് ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ക്കും അന്വേഷണ ഉദ്യോഗസ്ഥര്‍ക്കും നല്‍കരുതെന്നും കോടതി നിര്‍ദേശിച്ചു. ചോദ്യം ചെയ്യലിനിടെ ഇബ്രാഹിംകുഞ്ഞിന് ഡോക്ടറുടെ സേവനം ആവശ്യപ്പെടാമെന്നും കോടതി വ്യക്തമാക്കി. ഇബ്രാഹിം കുഞ്ഞിന്റെ ആരോഗ്യ സ്ഥിതി മോശമാണെന്ന് നേരത്തെ മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ട് കൈമാറിയിരുന്നു. ആശുപത്രിയില്‍ വച്ച് ചോദ്യം ചെയ്യാന്‍ അവസരം വേണമെന്നാണ് പിന്നീട് വിജിലന്‍സ് ആവശ്യപ്പെട്ടത്. ഇക്കാര്യം കോടതി അംഗീകരിച്ചു.തന്റെ അറസ്റ്റ് രാഷ്ട്രീയപ്രേരിതമാണെന്നും സാമ്പത്തിക അഴിമതി ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും കാണിച്ചായിരുന്നു ഇബ്രാഹിംകുഞ്ഞ് വിജിലന്‍സ് കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്.തന്റെ അറസ്റ്റ് രാഷ്ട്രീയ പ്രേരിതമാണെന്ന് ജാമ്യാപേക്ഷയില്‍ ഇബ്രാഹിം കുഞ്ഞ് പറയുന്നു. ഇബ്രാഹീംകുഞ്ഞിന്റെ അറസ്റ്റിലേക്ക് നയിച്ചത് കേസിലെ മറ്റൊരു പ്രതിയായ ടിഒ സൂരജിന്റെ മൊഴിയാണ്. കരാര്‍ എടുത്ത കമ്പനിക്ക് മുന്‍കൂര്‍ പണം നല്‍കിയത് മന്ത്രിയായിരുന്ന ഇബ്രാഹീം കുഞ്ഞിന്റെ അറിവോടെയാണ് എന്നാണ് സൂരജിന്റെ മൊഴി. കേസിലെ അഞ്ചാം പ്രതിയാണ് ഇബ്രാഹീം കുഞ്ഞ്. പൊതുമരാമത്ത് സെക്രട്ടറിയായിരുന്ന ടിഒ സൂരജ്, കരാര്‍ കമ്പനിയായ ആര്‍ഡിഎസ് പ്രൊജക്‌സ്ട് എംഡി സുമതി ഗോയല്‍, കിറ്റ്‌കോ ജനറല്‍ മാനേജര്‍ ബെന്നിപോള്‍, റോഡ്‌സ് ആന്റ് ബ്രഡ്ജസ് ഡെവലപ്‌മെന്റ് കോര്‍പേറഷന്‍ കേരള അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ പിഡി തങ്കച്ചന്‍ എന്നിവരാണ് കേസിലെ മറ്റു പ്രതികള്‍.