ന്യൂഡൽഹി:കേന്ദ്രസര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നടപടികള്‍ക്കെതിരെ സംയുക്ത ട്രേഡ് യൂണിയന്റെ ആഭിമുഖ്യത്തില്‍ പ്രഖ്യാപിച്ച 24 മണിക്കൂർ ദേശീയ പണിമുടക്ക് ഇന്ന് അര്‍ദ്ധ രാത്രിമുതല്‍.25ന് രാത്രി 12 മണി മുതല്‍ 26ന് രാത്രി 12 മണിവരെയാണ് പണിമുടക്ക്.10 ദേശീയ സംഘടനയ്ക്കൊപ്പം സംസ്ഥാനത്തെ 13 തൊഴിലാളി സംഘടനയും പണിമുടക്കില്‍ പങ്കുചേരും. കേരളത്തില്‍ ഒന്നരക്കോടിയിലേറെ ജനങ്ങള്‍ പങ്കാളികളാകുമെന്ന് സംയുക്ത സമരസമിതി അറിയിച്ചു.വ്യാപാര മേഖലയിലും പണിമുടക്കില്‍ പങ്കാളികളായതിനാല്‍ കട കമ്പോളങ്ങൾ അടഞ്ഞുകിടയ്ക്കും. അതേസമയം, ബാങ്ക് ജീവനക്കാരോട് പണിമുടക്കില്‍ പങ്കെടുക്കരുതെന്ന് ബാങ്ക് എംപ്ലോയിസ് ഫെഡറേഷന് ഓഫ് ഇന്ത്യ അറിയിച്ചിട്ടുണ്ട്. പാല്, പത്രം, തിരഞ്ഞെടുപ്പ് ഓഫീസുകള്‍ എന്നിവയെ പണിമുടക്കില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അത്യാവശ്യങ്ങള്‍ക്ക് പോകുന്ന വാഹനയാത്രക്കാരെ പണിമുടക്കില്‍ നിന്നും ഒഴിവാക്കും. ഇന്ന് രാത്രി പന്തം കൊളുത്തി പ്രകടനവും നാളെ കൊവിഡ് മാനദണ്ഡങ്ങള്‍ പ്രകാരം പ്രതിഷേധ സമരവും നടക്കും. ബിഎംഎസ് ഒഴികെയുള്ള ഒട്ടുമിക്ക തൊഴിലാളി സംഘടനകളും പണിമുടക്കില്‍ പങ്കെടുക്കും. ഐഎന്‍ടിയുസി, സിഐടിയു, എഐടിയുസി, എച്ച്എംഎസ്, എഐയുടിയുസി, ടിയുസിസി, യുടിയുസി, എസ്ടിയു, എല്‍പിഎഫ്, എസ്ഇഡബ്ല്യുഎ, എഐസിസിടിയു തുടങ്ങിയ സംഘടനകള്‍ പണിമുടക്കില്‍ പങ്കെടുക്കും.