Kerala, News

വിവാദ പൊലീസ് നിയമഭേദഗതി പിന്‍വലിക്കാന്‍ മന്ത്രിസഭായോഗത്തിൽ തീരുമാനം;സര്‍ക്കാരിന്റെ പിന്മാറ്റം മാധ്യമങ്ങളുടെയും പൊതുസമൂഹത്തിന്റെയും ശക്തമായ പ്രതിഷേധത്തെ തുടർന്ന്

keralanews govt withdraws controversial police act

തിരുവനന്തപുരം:വിവാദ പൊലീസ് നിയമഭേദഗതി പിന്‍വലിക്കാന്‍ സംസ്ഥാന മന്ത്രിസഭായോഗത്തില്‍ തീരുമാനം. പിന്‍വലിക്കാന്‍ ഓന്‍സിനന്‍സ് ഇറക്കും.ഭേദഗതി പിന്‍വലിക്കാനുള്ള ശുപാര്‍ശ മന്ത്രിസഭായോഗം അംഗീകരിക്കുകയായിരുന്നു. ഭേദഗതി റദ്ദാക്കാനുള്ള ഓര്‍ഡിനന്‍സ് ഗവര്‍ണറുടെ അംഗീകാരത്തിന് അയയ്ക്കും. മാധ്യമങ്ങളും പൊതുസമൂഹവും ഉയര്‍ത്തിയ പ്രതിഷേധം പരിഗണിച്ചാണ് തീരുമാനം.തീരുമാനം ഗവര്‍ണറെ അറിയിക്കും. വിശദമായ ചര്‍ച്ചയ്ക്ക് ശേഷമായിരിക്കും പുതിയ ഭേദഗതി. നിയമഭേദഗതി റദ്ദാക്കി കൊണ്ടുള്ള റിപീലിങ് ഓര്‍ഡര്‍ ഉടനെ പുറത്തിറങ്ങും. സാധാരണഗതിയില്‍ ബുധനാഴ്ച ദിവസമാണ് മന്ത്രിസഭായോഗം ചേരാറുള്ളത്. എന്നാല്‍ മന്ത്രിസഭായോഗത്തില്‍ പങ്കെടുക്കേണ്ട ചീഫ് സെക്രട്ടറിയുടെ അസൗകര്യം കണക്കിലെടുത്ത് ഇന്ന് വൈകുന്നേരം മന്ത്രിസഭായോഗം ചേരുകയും വിവാദഭേദഗതി പിന്‍വലിക്കാന്‍ തീരുമാനിക്കുകയുമായിരുന്നു. സര്‍ക്കാര്‍ പുറത്തിറക്കിയ ഒരു ഓര്‍ഡിനന്‍സ് 48 മണിക്കൂറിനകം റദ്ദാക്കപ്പെടുന്നത് സംസ്ഥാന ചരിത്രത്തില്‍ തന്നെ അപൂര്‍വ്വ സംഭവമാണ്.പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ച സാഹചര്യത്തില്‍ കഴിഞ്ഞ ദിവസത്തെ ഓര്‍ഡിനന്‍സ് പ്രകാരം കേസുകള്‍ രജിസ്റ്റര്‍ ചെയ്യരുതെന്ന് നിര്‍ദേശിച്ച്‌ സംസ്ഥാന പൊലീസ് മേധവി ലോക്‌നാഥ് ബെഹറ കീഴുദ്യോഗസ്ഥര്‍ക്ക് സര്‍ക്കുലര്‍ നല്‍കി.വിവാദ ഓര്‍ഡിനന്‍സ് ഗവര്‍ണര്‍ ഒപ്പുവെച്ചതിന് പിന്നാലെ സംസ്ഥാനത്തിനകത്തും ദേശീയ തലത്തിലും ഇത് വിമര്‍ശന വിധേയമായി. ഈ ഘട്ടത്തിലാണ് സിപിഎം കേന്ദ്ര നേതൃത്വം ഓര്‍ഡിനന്‍സ് പിന്‍വലിക്കാന്‍ നിര്‍ദേശം നല്‍കിയത്. ഓര്‍ഡിനന്‍സ് റദ്ദാക്കണം എന്നാവശ്യപ്പെട്ട് ആര്‍എസ്പി നേതാവ് ഷിബു ബേബിജോണും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഓര്‍ഡിന്‍സ് സര്‍ക്കാര്‍ പിന്‍വലിക്കുകയാണെന്നും അതിനാല്‍ ഈ ഓര്‍ഡിന്‍സ് പ്രകാരം കേസുകള്‍ രജിസ്റ്റര്‍ ചെയ്യില്ലെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിക്കുകയും ചെയ്തിരുന്നു. പിന്‍വലിച്ച സാഹചര്യത്തില്‍ കോടതിയിലെ കേസ് തീര്‍പ്പാക്കാനാണ് സാധ്യത.

Previous ArticleNext Article