Kerala

മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രിയുടെ ചര്‍ച്ച ഇന്ന്;കോവിഡ് വാക്‌സിന്‍ വിതരണം മുഖ്യവിഷയം

keralanews prime ministers meet with chief ministers today discuss about covid vaccine

ന്യൂഡല്‍ഹി:കോവിഡ് സാഹചര്യം വിലയിരുത്തുന്നതിനായി വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ചര്‍ച്ച നടത്തും. കോവിഡ് വാക്‌സിന്‍ വിതരണവും ഇന്നത്തെ ചര്‍ച്ചയില്‍ പ്രധാന വിഷയമായിരിക്കും.മുന്‍ഗണനാടിസ്ഥാനത്തില്‍ ആര്‍ക്കെല്ലാം വാക്സിന്‍ ആദ്യം ലഭ്യമാക്കണമെന്ന കാര്യത്തില്‍ ഇന്ന് തീരുമാനമുണ്ടാകും.അടുത്ത വര്‍ഷം ആദ്യത്തില്‍ കോവിഡ് വാക്സിന്‍ വിതരണം ചെയ്യാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ. ആരോഗ്യപ്രവര്‍ത്തകര്‍ ഉള്‍പ്പെടുന്ന കോവിഡ് മുന്‍നിര പോരാളികളില്‍ ആദ്യ ഡോസ് വാക്സിന്‍ എത്തിക്കും. അതിനുശേഷമായിരിക്കും മറ്റു വിഭാഗങ്ങളിലേക്ക് വിതരണം ചെയ്യുക. 60 വയസ്സിനു മുകളിലുള്ളവര്‍ക്കും മുന്‍ഗണനാടിസ്ഥാനത്തില്‍ വാക്സിന്‍ വിതരണം നടത്തും. ആരോഗ്യപ്രവര്‍ത്തകര്‍ക്ക് വാക്സിന്‍ വിതരണം നടത്തുന്നതിന്റെ ഭാഗമായുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചു. രാജ്യത്തെ ആകെ സര്‍ക്കാര്‍ ആശുപത്രികളിലെ 92 ശതമാനവും സ്വകാര്യ ആശുപത്രികളിലെ 56 ശതമാനവും ഇതിനോടകം കേന്ദ്ര ആരോഗ്യമന്ത്രാലയത്തിനു വിവരങ്ങള്‍ നല്‍കിയിട്ടുണ്ട്.ഇന്ത്യയില്‍ കോവിഡ് വാക്‌സിന്‍ വിതരണം ജനുവരിയോടെ സാധ്യമാകുമെന്നാണ് വിലയിരുത്തല്‍. ഓക്‌സ്‌ഫഡ് സര്‍വകലാശാലയും അസ്‌ട്രാസെനക്കയും ചേര്‍ന്ന് തയ്യാറാക്കുന്ന കോവിഷീല്‍ഡ് ആയിരിക്കും ഇന്ത്യയില്‍ ആദ്യമെത്തുക.പൂണെ സിറം ഇന്‍സ്റ്റിറ്റ‌്യൂട്ട് ലഭ്യമാക്കുന്ന ഓക്‌സ്‌ഫഡ് വാക്‌സിന്റെ ട്രയല്‍ റിപ്പോര്‍ട്ട് ഡിസംബര്‍ അവസാനം ലഭിക്കും. മൂന്ന് ഘട്ടങ്ങളിലായി നടന്ന വാക്‌സിന്‍ പരീക്ഷണത്തില്‍ 70.4 ശതമാനം സ്ഥിരത പുലര്‍ത്തിയെന്നാണ് സിറം ഇന്‍സ്റ്റിറ്റ‌്യൂട്ട് അവകാശപ്പെടുന്നത്. കോവിഡ് വാക്‌സിന്‍ ഇന്ത്യയില്‍ ഉടന്‍ ലഭ്യമാക്കുമെന്ന് സിറം ഇന്‍സ്റ്റിറ്റ‌്യൂട്ട് സ്ഥാപകന്‍ ഡോ.സൈറസ്‌ പൂനെവാല പറഞ്ഞു.വാക്‌സിന്‍ ഉപയോഗിച്ച വ്യക്തികളില്‍ ഗുരുതര പ്രത്യാഘാതങ്ങളില്ലെന്നും അത്തരം രോഗികളെ ആശുപത്രിയില്‍ പ്രവേശിക്കേണ്ട അവസ്ഥ പോലും സംജാതമായിട്ടില്ലെന്നും ഇവര്‍ അവകാശപ്പെടുന്നു.

Previous ArticleNext Article