കാസർകോഡ്:ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ് കേസില്‍ ഒളിവിലായ ജ്വല്ലറി എം.ഡി. പൂക്കോയ തങ്ങളെ പിടികൂടാനായി പ്രത്യേക സ്ക്വാഡിന് രൂപം നല്‍കി. എം.സി.കമറുദീന്‍ എം.എല്‍.എ അറസ്റ്റിലായി പതിനഞ്ച് ദിവസമായിട്ടും പൂക്കോയ തങ്ങളെ പിടികൂടാന്‍ കഴിഞ്ഞിരുന്നില്ല.നിക്ഷേപ തട്ടിപ്പിലെ പല കേസുകളിലും ഒന്നാം പ്രതിയായ പൂക്കോയ തങ്ങള്‍ ഉള്‍പ്പെടെ ഉള്ളവര്‍ക്കായി അന്വേഷണസംഘം ലുക്കൗട്ട് നോട്ടിസ് പുറത്തിറക്കിയിരുന്നു. കേസുമായി ബന്ധപ്പെട്ട് പൂക്കോയ തങ്ങളെ ഒരുതവണ അന്വേഷണസംഘം ചോദ്യംചെയ്ത് വിട്ടയച്ചതുമാണ്. കമറുദീന്‍ അറസ്റ്റിലായ വിവരം പുറത്തായതോടെയാണ് തങ്ങള്‍ മുങ്ങിയെന്നാണ് സൂചന. നവംബര്‍ 7 നായിരുന്നു കമറുദ്ദീനെ അറസ്റ്റ് ചെയ്തത്. ചന്ദേര സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലായിരുന്നു അറസ്റ്റ്. ഫാഷന്‍ ഗോള്‍ഡ് ചെയര്‍മാനാണ് കമറുദ്ദീന്‍. നിക്ഷേപതട്ടിപ്പുമായി ബന്ധപ്പെട്ട് ഇതുവരെ 117 കേസുകളാണ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അതിനിടെ ഫാഷന്‍ ഗോള്‍ഡില്‍ നിക്ഷേപകരായവരുടെ സംഗമം ചെറുവത്തൂരില്‍ നടന്നു.പരാതിക്കാരുടെ അഭിഭാഷകനായ ഷുക്കൂറിന്‍റെ നേതൃത്വത്തിലായിരുന്നു യോഗം.