Kerala, News

ബിനീഷ് കോടിയേരിയുടെ ബിനാമി ഇടപാട്;കാര്‍ പാലസ് ഉടമ അബ്ദുള്‍ ലത്തീഫ് ചോദ്യം ചെയ്യലിനായി ഇഡിയ്ക്ക് മുന്നില്‍ ഹാജരായി

keralanews bineesh kodiyeris benami deal car palace owner abdul latif appears before ed for questioning

ബംഗളൂരു:ബംഗലൂരു മയക്കുമരുന്ന് കേസിൽ അറസ്റ്റിലായ ബിനീഷ് കോടിയേരിയുടെ ബിനാമിയെന്ന് സംശയിക്കുന്ന കാര്‍ പാലസ് ഉടമ അബ്ദുള്‍ ലത്തീഫ് എന്‍ഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റിന്റെ മുന്നില്‍ ഹാജരായി. ലഹരി ഇടപാടിന്റെ മറവില്‍ കള്ളപ്പണം വെളുപ്പിച്ച കേസില്‍ നോട്ടീസ് കിട്ടിയതിനെ തുടര്‍ന്നാണ് ഇയാള്‍ ഇഡിയ്ക്ക് മുന്നില്‍ എത്തിയത്.നവംബര്‍ രണ്ടിന് ഹാജരാകാനായിരുന്നു ഇഡി അറിയിച്ചിരുന്നത്. എന്നാല്‍ നോട്ടീസ് കിട്ടിയതിന് പിന്നാലെ ഇയാള്‍ ഒളിവില്‍ പോകുകയായിരുന്നു. ഇയാളെയും ബിനീഷിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യണമെന്ന് എന്‍ഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് നേരത്തെ കോടതിയെ അറിയിച്ചിരുന്നു.ഓള്‍ഡ് കോഫീ ഹൗസ് എന്ന റെസ്റ്റോറന്റില്‍ ബിനീഷിനും ലത്തീഫിനും പങ്കാളിത്തമുണ്ടെന്നാണ് ഇ.ഡിയുടെ കണ്ടെത്തല്‍.ലത്തീഫിനെ ബിനാമിയാക്കിക്കൊണ്ട് നിരവധി സ്ഥാപനങ്ങള്‍ ബിനീഷിനുണ്ടെന്നും ഇ.ഡി കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ലത്തീഫിന്റേയും അനസിന്റെയും വീടുകളിലും സ്ഥാപനങ്ങളിലും ഇ.ഡി റെയ്ഡ് നടത്തിയിരുന്നു.നേരത്തെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ട്രേറ്റിന് മുന്‍പാകെ ഹാജരാകാന്‍ തയ്യാറാകുന്നില്ലെന്ന ആരോപണം അബ്ദുല്‍ ലത്തീഫ് നിഷേധിച്ചിരുന്നു. ബിനീഷ് കോടിയേരിയുടെ ബിനാമി അല്ലെന്നും ഇ.ഡി അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നും അബ്ദുള്‍ ലത്തീഫ് പറഞ്ഞു.വീട്ടിലെ റെയ്ഡിനിടെ ഇ.ഡി അന്വേഷണ സംഘത്തിന് മൊഴി നല്‍കിയിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ഹോട്ടലില്‍ ബിനീഷിനും തനിക്കും പത്ത് ശതമാനം വീതം പങ്കാളത്തിമുണ്ട്. എന്നാല്‍ ബിനീഷുമായി മറ്റു സാമ്പത്തിക ഇടപാടുകളില്ലെന്നാണ് അബ്ദുള്‍ ലത്തീഫിന്റെ വിശദീകരണം. ലത്തീഫിനെ കൂടാതെ ബിനീഷ് കോടിയേരിയുടെ ബിനാമികളെന്ന് സംശയിക്കുന്ന ഡ്രൈവര്‍ അനികുട്ടന്‍, എസ്.അരുണ്‍ എന്നിവരോടും ഹാജരാകാന്‍ ഇഡി നിര്‍ദേശം നല്‍കിയിരുന്നു. ഇവരും ഒളിവിലാണ്. ഇവരെ കസ്റ്റഡിയിലെടുക്കാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നീക്കം തുടങ്ങി.

Previous ArticleNext Article