Kerala, News

സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍; കേസുകള്‍ കൈകാര്യം ചെയ്യുന്നതില്‍ കര്‍ശന മാര്‍ഗനിര്‍ദേശങ്ങളുമായി സംസ്ഥാന പൊലീസ് മേധാവി

keralanews state police chief has issued strict guidelines in dealing with cases of violence against women

തിരുവനന്തപുരം: സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമ കേസുകള്‍ കൈകാര്യം ചെയ്യുന്നതില്‍ കര്‍ശന മാര്‍ഗനിര്‍ദേശങ്ങളുമായി സംസ്ഥാന പൊലീസ് മേധാവി.അതിക്രമങ്ങള്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കുന്നതില്‍ പാളിച്ചകള്‍ ഉണ്ടാകുന്ന പശ്ചാത്തലത്തിലാണ് ഡിജിപി വീണ്ടും മാര്‍ഗനിര്‍ദേശങ്ങള്‍ വ്യക്തമാക്കി ഉത്തരവിറക്കിയത്.സ്ത്രീകള്‍ക്കെതിരെ ശിക്ഷാര്‍ഹമായ തരത്തിലുള്ള കുറ്റകൃത്യങ്ങള്‍ നടന്നിട്ടും എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യാത്ത സാഹചര്യമുണ്ടായാല്‍ ഉദ്യോഗസ്ഥന്‍ ശിക്ഷിക്കപ്പെടുമെന്ന് ഡിജിപി മുന്നറിയിപ്പ് നല്‍കി. ജില്ലാ പൊലീസ് മേധാവികള്‍ക്കും എസ്‌എച്ച്‌ഒമാര്‍ക്കുമടക്കം കൈമാറിയ സുപ്രധാന നിര്‍ദേശങ്ങള്‍ പ്രകാരം, സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളെക്കുറിച്ച്‌ വിവരം ലഭിച്ചാല്‍ തങ്ങളുടെ അധികാര പരിധിയിലല്ലെന്ന കാരണം പറഞ്ഞ് കേസെടുക്കാതിരിക്കരുത്. ലൈംഗീകാതിക്രമത്തെ കുറിച്ചുള്‍പ്പെടെ വിവരം ലഭിച്ചാല്‍ ആദ്യം എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യണം. തുടര്‍ന്ന് ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനിലേക്ക് കേസ് കൈമാറണം. മാനഭംഗക്കേസുകളില്‍ അന്വേഷണം രണ്ടുമാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് ശിക്ഷാ നിയമം അനുശാസിക്കുന്നതിനാല്‍ ഇത് പാലിക്കണം. ഇക്കാര്യം നിരീക്ഷിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ‘ഇന്‍വെസ്റ്റിഗേഷന്‍ ട്രാക്കിംഗ് സിസ്റ്റം ഫോര്‍ സെക്ഷ്വല്‍ ഒഫന്‍സസ്’ എന്ന പേരില്‍ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ ഒരുക്കിയിട്ടുണ്ട്. ലൈംഗീകാതിക്രമ കേസുകളില്‍ 24 മണിക്കൂറിനുള്ളില്‍ തന്നെ അംഗീകൃത ഡോക്ടറെ കൊണ്ട് വൈദ്യ പരിശോധന നടത്തണം. ഇര മരിച്ചുപോകുന്ന സാഹചര്യമുണ്ടായാല്‍ മജിസ്ട്രേറ്റിന്റെ സാന്നിധ്യത്തിലല്ലായെന്ന കാരണം പറഞ്ഞ് മൊഴിയെടുക്കാതിരിക്കരുത്. ലൈംഗീകാതിക്രമ കേസുകളില്‍ ഉള്‍പ്പടെ സ്ത്രീകളുടെ മൊഴിയെടുക്കുമ്പോൾ വനിതാ ഉദ്യോഗസ്ഥയുടെ സാന്നിധ്യമുണ്ടായിരിക്കണം. ലൈംഗീകാതിക്രമ തെളിവ് ശേഖരണ കിറ്റ് ഉപയോഗിച്ച്‌ മാത്രമേ സാമ്പിൾ പരിശോധന നടത്താവൂ.സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ കൈകാര്യം ചെയ്യുന്നത് സംബന്ധിച്ച നിര്‍ദേശങ്ങള്‍ പാലിക്കുന്നതില്‍ എന്തെങ്കിലും വീഴ്ചയുണ്ടായാല്‍ ഗുരുതര കുറ്റമായി കണ്ട് തുടര്‍ നടപടി ഉണ്ടാകുമെന്നും ഡിജിപി വ്യക്തമാക്കി.

Previous ArticleNext Article