തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന സ്വപ്‌ന സുരേഷിന്റെതെന്ന് അവകാശപ്പെടുന്ന ശബ്ദസന്ദേശം പുറത്ത്. മുഖ്യമന്ത്രിയുടെ പേര് പറയാന്‍ അന്വേഷണ സംഘത്തിലെ ചിലര്‍ നിര്‍ബന്ധിക്കുന്നതായും സമ്മര്‍ദം ചെലുത്തുന്നതായും സന്ദേശത്തില്‍ സ്വപ്‌ന സുരേഷ് പറയുന്നു. അന്വേഷണ സംഘത്തിനെതിരെ ഗുരുതര ആരോപണങ്ങളാണ് ഒരു വാര്‍ത്താ പോര്‍ട്ടല്‍ പുറത്തുവിട്ട ശബ്ദസന്ദേശത്തിലുള്ളത്. തന്‍റേതായി രേഖപ്പെടുത്തിയ മൊഴി വായിക്കാന്‍ അനുവദിക്കാതെ അന്വേഷണ സംഘം ഒപ്പിടുവിക്കുകയായിരുന്നുവെന്നും ശബ്ദസന്ദേശത്തില്‍ സ്വപ്ന ആരോപിക്കുന്നു. ശിവശങ്കറിനൊപ്പം യു.എ.ഇയില്‍ പോയി മുഖ്യമന്ത്രിക്കു വേണ്ടി സാമ്പത്തിക ചര്‍ച്ചകള്‍ നടത്തിയതായാണ് കോടതിയില്‍ സമര്‍പ്പിച്ച മൊഴിയിലുള്ളത്.മൊഴിയിലെ വിവരങ്ങള്‍ അഭിഭാഷകനാണ് തന്നെ അറിയിച്ചത്. മുഖ്യമന്ത്രിക്ക് എതിരെ മൊഴി നല്‍കിയാല്‍ കേസില്‍ മാപ്പുസാക്ഷിയാക്കാമെന്നു വാഗ്ദാനം ചെയ്തതായും ശബ്ദസന്ദേശത്തില്‍ പറയുന്നുണ്ട്. താന്‍ ഒരിക്കലും മൊഴി നല്‍കില്ലെന്നു പറഞ്ഞപ്പോള്‍ ഇനിയും അവര്‍ ജയിലില്‍ വരുമെന്നും സമ്മര്‍ദം ചെലുത്തുമെന്നും ശബ്ദസന്ദേശത്തില്‍ പറയുന്നു.സ്വപ്ന സുരേഷ് അട്ടക്കുളങ്ങര ജയിലില്‍ കഴിയുന്നതിനിടെയാണ് ശബ്ദസന്ദേശം പുറത്തുവന്നിരിക്കുന്നത്.36 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വോയിസ് റെക്കോര്‍ഡ് ആണ് ബുധാനാഴ്ച രാത്രി ഒരു വെബ് പോര്‍ട്ടല്‍ പുറത്തുവിട്ടത്. എന്നാല്‍, സ്വപ്ന ആരോടാണ് സംസാരിച്ചതെന്ന് വ്യക്തമല്ല.അതേസമയം, സ്വപ്നയുടേതെന്ന േപരില്‍ പ്രചരിക്കുന്ന ശബ്ദരേഖയില്‍ വിശദമായ അന്വേഷണത്തിന് ജയില്‍ ഡി.ജി.പി ഉത്തരവിട്ടു. ദക്ഷിണമേഖല ഡി.ഐ.ജി അജയകുമാറിനാണ് അന്വേഷണ ചുമതല. വനിതാ ജയിലില്‍ എത്തി അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം.